പോത്തൻകോട്: പോത്തൻകോട് ജംഗ്ഷനിൽ വീണ്ടും അക്രമം. ഇന്നലെ രാത്രി 8.30ന് അന്യസംസ്ഥാന തൊഴിലാളികളെ സംഘം ചേർന്ന് വളഞ്ഞിട്ട് മർദ്ദിച്ചതായി പരാതി. പോത്തൻകോട് അയണിമൂട്ടിലെ താബൂക്ക് കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികളായ സുജനും (26) മറ്റ് രണ്ട് തൊഴിലാളികളും പോത്തൻകോട് മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുമ്പോഴാണ് സംഭവം. ബസ് സ്റ്റാന്റിനുള്ളിൽ നിന്ന സംഘം ഇവരെ വളഞ്ഞിട്ട് മർദ്ധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തുമ്പോഴേക്കും ഇവരെ മർദ്ധിച്ചവർ രക്ഷപ്പെട്ടു.
മംഗലപുരം റോഡിൽ നിന്ന് മറ്റൊരു സംഘം പട്ടികയും തടിക്ഷണങ്ങളുമായി വീണ്ടും ഇവരെ മർദ്ദിക്കാനായെത്തിയെങ്കിലും പൊലീസിനെ കണ്ട് തിരികെ ഓടി. എസ്.ഐ.യും പൊലീസുകാരും ഇവർക്ക് പിന്നാലെയോടിയെങ്കിലും ഒരാളെപ്പോലും പിടികൂടാനായില്ല. തുടർന്നു അന്യദേശ തൊഴിലാളികളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
രണ്ട് ദിവസം മുമ്പാണ് പട്ടാപകൽ മാർക്കറ്റിനുമുന്നിലെ നടുറോഡിൽ യുവാവിനെ ബൈക്കിൽ നിന്ന് തള്ളിയിട്ട് മറ്റൊരുബൈക്കിലെത്തിയ രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. കുറച്ചുകാലമായി പൊലീസ് നിഷ്ക്രിയമായതോടെ പലഭാഗങ്ങളിലുള്ള സാമൂഹ്യ വിരുദ്ധ സംഘങ്ങൾ ജംഗ്ഷന്റെ പലഭാഗങ്ങളിലായി തമ്പടിച്ച് തുടങ്ങിയെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി.