തൊളിക്കോട് : തൊളിക്കോട് ശക്തമായ കാറ്റിൽ തെങ്ങ് വീടിനു മുകളിലേക്കു വീണു മേൽക്കൂര തകർന്നു. തൊളിക്കോട് പരപ്പാറ പുളിച്ചാമല ദീപു ഭവനിൽ ദീപുവിന്റെ വീട്ടിലേക്കാണു തെങ്ങ് പതിച്ചത്. സംഭവ സമയത്ത് ദീപു, ഭാര്യ അശ്വതി, മക്കളായ അതുൽ, അക്ഷയ് എന്നിവർ മറ്റൊരു മുറിയിൽ ഉറക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ വീടിനു തൊട്ടടുത്തു നിന്ന മൂട് ദ്രവിച്ച തെങ്ങ് വീടിന്റെ കോൺക്രീറ്റ് ചെയ്യാത്ത ഓടിട്ട ഭാഗത്തേക്കു പതിക്കുകയായിരുന്നു.അടുക്കള, സ്വീകരണ മുറി, ഒരു കിടപ്പു മുറി എന്നിവ ഉൾപ്പടുന്ന ഭാഗത്തിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഭിത്തിയും തകർന്നു മാറിയിട്ടുണ്ട്. നിർധന കുടുംബമാണ് ദീപുവിന്റേത്. ടാപ്പിങ്ങിലൂടെയാണു ഉപജീവനം നടത്തുന്നത്. തൊളിക്കോട് പഞ്ചായത്ത്, വില്ലേജ് ഓഫിസ് അധികൃതർ സ്ഥലം സന്ദർശിച്ചു
