മാറനല്ലൂർ : മാറനല്ലൂർ തൂങ്ങാംപാറ ഇറയാംകോട് മഹാദേവ ക്ഷേത്രത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് കാണിക്ക കുടങ്ങൾ കവർന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. വാതിൽ പൊളിച്ചാണ് മോഷണം നടന്നത്. ശ്രീകോവിലിന്റെ പൂട്ട് തകർത്തതായും അന്വേഷണത്തിൽ കണ്ടെത്തി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 12.45ന് ക്ഷേത്ര കോമ്പൗണ്ടിലെത്തിയ മോഷ്ടാവ് പരിസരം വീക്ഷിച്ചശേഷം പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മടങ്ങിയെത്തിയ മോഷ്ടാവ് കൈയുറകളും കമ്പിപ്പാരയുമായി ക്ഷേത്രത്തിലെത്തി പൂട്ടുകളെല്ലാം തകർത്ത ശേഷമാണ് കവർച്ച നടത്തിയത്. എന്നാൽ കാണിക്ക കുടങ്ങളിലുണ്ടായിരുന്ന പണം രണ്ട് ദിവസം മുമ്പ് ക്ഷേത്ര ഭാരവാഹികൾ എടുത്തിരുന്നു. പാന്റ്സും ഷർട്ടും തലയിൽ പുറകിലേക്ക് തിരിച്ചുവച്ച തൊപ്പിയും ധരിച്ച യുവാവിന് നല്ല ഉയരമുള്ളതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. മാറനല്ലൂർ പൊലീസ് ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി.