വെഞ്ഞാറമൂട് : നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന തൊടുപുഴ ചേന്നമ്പാറ സ്വദേശി അമൽ മാത്യു (23), തൊടുപുഴ പള്ളിപ്പറമ്പിൽ സ്വദേശി അഖിൽ തങ്കച്ചൻ (22), തൊടുപുഴ കാഞ്ഞിരക്കാട് സ്വദേശികളായ ജോമിൻ ജോസ് (20), അഖിൽ തോമസ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെ അഞ്ചിന് സംസ്ഥാന പാതയിൽ കീഴായിക്കോണം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. കാരേറ്റ് ഭാഗാത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സിഫ്റ്റ് കാർ വലതുഭാഗത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി കാറിനുള്ളിലുള്ളവരെ ആശുപത്രിയിലെത്തിച്ചു. ലീഡിങ് ഫയർമാൻ നസറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്
