കല്ലറ: ഭരതന്നൂരിലെ ഹോട്ടലിലുണ്ടായ ആക്രമണത്തിൽ പ്രതികളായ മൂന്നുപേരെ അറസ്റ്റുചെയ്‌തു. ഭരതന്നൂർ കാക്കാണിക്കര അനീഷ് (25), സഹോദരൻ അജിത് (20), ഭരതന്നൂർ മൈലമൂട് ശ്രീജാ ഭവനിൽ ശ്രീജിത് (30), എന്നിവരെയാണ് പാങ്ങോട് എസ്.ഐ ജെ. അജയന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ഭരതന്നൂർ വയലോരം ഹോട്ടലിലെത്തിയ ഏഴംഗ സംഘം ആഹാരം കഴിച്ച ശേഷം പണം നൽകുന്നതിനിടെ കൗണ്ടറിലുണ്ടായിരുന്ന സുജിത്തുമായി തർക്കമുണ്ടായി. തുടർന്ന് ഇവർ സുജിത്തിനെ കല്ല് കൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരെ അക്രമികൾ മർദ്ദിക്കുകയും ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തു. സംഘർഷത്തിൽ ശശിധരൻ, ദീപുദാസ് എന്നിവർക്കും പരിക്കേറ്റു. ഇവർ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളായ നാലുപേർ ഇപ്പോഴും ഒളിവിലാണ്. ഗ്രേഡ് എസ്.ഐമാരായ സുലൈമാൻ, രാജൻ, എ.എസ്.ഐ താഹിർ, സി.പി.ഒ രഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
