പള്ളിക്കൽ : 12 വർഷമായി ജനങ്ങൾ കാത്തിരുന്ന പകൽക്കുറി – ഈരാറ്റിൽ – മൂതല – വല്ലഭൻകുന്ന് – ഇളമ്പ്രക്കോട് റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായി. എം.എൽ.എ യുടെ ശ്രമഫലമായി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഏഴു കിലോമീറ്റർ നീളത്തിൽ റോഡ് നിർമ്മിക്കുന്നത്. ഇതിൽ ഒരു പാലവും നിർമ്മിക്കും. ഏഴു കോടി രൂപ ചെലവിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡിന് 5.50 മീറ്റർ വീതിയുണ്ടാകും. പകൽക്കുറിയിലെ ആളുകൾക്ക് എളുപ്പത്തിൽ മൂതല ഭാഗത്തേക്ക് പോകുന്നതിന് ഇത് വഴിയൊരുക്കും. ദേശീയപാത നിർമ്മാണ രീതിയാണ് അവലംബിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. നാസർഖാൻ, അബൂതാലിബ്, പുഷ്പലത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പള്ളിക്കൽ നസീർ, നിസാം, മിനികുമാരി, സുധിരാജ്, രേണുക കുമാരി, പ്രസന്ന ദേവരാജൻ, ഷീജ, എം.എ. റഹീം, സജീവ് ഹാഷിം, എസ്.എസ്. ബിജു, ഷിലോസ്, സുരേന്ദ്രക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.