ചിറയിൻകീഴ്: നാട്ടിൽ വന്നുപെട്ട കാട്ടുപൂച്ച മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിറുത്തി വട്ടംചുറ്റിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് സംഘം ഏറെപണിപ്പെട്ടു കാട്ടുപൂച്ചയെ കെണിയിലാക്കി കൂട്ടിലടച്ചു. പെരുമാതുറ മാടൻവിളയിൽ കഴിഞ്ഞദിവസം രാവിലെ എട്ടുമണിയോടെ നാഥില മൻസിലിൽ നവാസിന്റെ വീട്ടിലാണു കാട്ടുപൂച്ച പ്രത്യക്ഷപ്പെട്ടത്. വീട്ടുകാർക്കുനേരെ ചെറുത്തുനിൽപ്പിനൊരുങ്ങിയ പൂച്ചയെ കൂടുതൽ നിരീക്ഷിച്ചപ്പോഴാണു നാട്ടുപൂച്ചയല്ലെന്നു കണ്ടെത്തിയത്.
ആക്രമണ സ്വഭാവം കാണിച്ച പൂച്ചയുടെ മുൻകാലുകളുടെ നീളവും വിശറിപോലത്തെ ചെവിയും മേൽചുണ്ടിനു മുകളിലെ നീളമേറിയ മീശാകൃതിയിലുള്ള രോമങ്ങളും കുട്ടിപ്പുലിയുടെ ശൗര്യവും കാട്ടുപൂച്ചയാണെന്ന നിഗമനത്തിൽ എത്തിക്കുകയായിരുന്നു. തിരിഞ്ഞോടാനോ ഓടിയൊളിക്കാനോ ശ്രമിക്കാതെ കാട്ടുപൂച്ച എതിർത്തു നിന്നതോടെയാണു സമീപവാസികൾ തിരുവനന്തപുരത്തു പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ വിവരമറിയിച്ചത്.
ഫോറസ്റ്റ് റെയ്ഞ്ചർ വിജയമോഹനന്റെ നേതൃത്വത്തിൽ വനംവകുപ്പിലെ വാച്ചർമാരായ നിഷാദ്, ശരത്, രാഹുൽ എന്നിവർ ചേർന്നു മൂന്നുമണിക്കൂറിലേറെ പരിശ്രമിച്ചാണു കാട്ടുപൂച്ചയെ കൂട്ടിലടച്ചത്. പത്തുവയസു പ്രായം വരുന്ന ആൺ വിഭാഗത്തിൽ പെടുന്ന കാട്ടുപൂച്ച വഴിതെറ്റി നാട്ടിലെത്തിയതാവാമെന്നാണു വനംവകുപ്പിന്റെ അനുമാനം. വൈകുന്നേരത്തോടെ ബ്രൈമൂർ വനമേഖലയിൽ കാട്ടുപൂച്ചയെ എത്തിച്ചു തുറന്നുവിടുകയും ചെയ്തു.