അഴൂർ : എസ്.ഐയെ പേനകൊണ്ട് കുത്തുകയും കണ്ണിൽ മഷി ഒഴിക്കുകയും ചെയ്ത യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റുചെയ്തു. ചിറയിൻകീഴ് -അഴൂർ മുട്ടപ്പല്ലം കല്ലുവിള വീട്ടിൽ ലിജിനെയാണ് (26) അറസ്റ്റ് ചെയ്തത്. പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നോർബർട്ടിന്റെ തലയിൽ ലിജിൻ പേനകൊണ്ട് കുത്തുകയായിരുന്നു. എസ്.ഐയെ രക്ഷിക്കാനെത്തിയ സിവിൽ പൊലീസ് ഓഫീസർ വിനോദിനും പിടിവലിക്കിടെ പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സ നൽകിയശേഷം വൈകിട്ടോടെ വിട്ടയച്ചു.
ലിജിൻ പൂന്തുറ മരപ്പാലത്തിലുള്ള മാതൃസഹോദരിയുടെ വീട്ടിൽ രണ്ടുദിവസമായി താമസിക്കുകയായിരുന്നു. ഇവരുടെ വീടിനടുത്തുള്ള ഉബൈബയെന്ന സ്ത്രീയുടെ നാലര വയസുള്ള പേരക്കുട്ടിയെ അടിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. ഇത് കുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി. ഇതിനിടയിൽ ലിജിൻ, ഉബൈബയെ മർദ്ദിച്ചു. തുടർന്ന് പൂന്തുറ സ്റ്റേഷനിൽ വിളിച്ചറിയിച്ചു. പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘം റോഡിൽ നിൽക്കുകയായിരുന്ന ലിജിനെ പിടികൂടി. ഇതോടെ ഇയാൾ അക്രമാസക്തനാകുകയും കൈയിലുണ്ടായിരുന്ന പേനയെടുത്ത് എസ്.ഐയെ കുത്തുകയും കണ്ണിൽ മഷിയൊഴിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പൂന്തുറ എസ്.ഐ മാരായ സജിൻ ലൂയിസ്, വിനോദ്കുമാർ എന്നിവരെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.