കല്ലറ : ഭിന്നശേഷിയുള്ള യുവതിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം നിലമ്പൂർ ചേക്കാട് കൂവപ്പുറത്തു വീട്ടിൽ സോണി(44) അറസ്റ്റിലായി. കല്ലറ ചെറുവാളം സ്വദേശിയായ നാൽപ്പതുകാരിയാണ് പരാതിക്കാരി. ഹോം നഴ്‌സായ യുവതി ഒരു വർഷം മുൻപ് ഇയാളുമായി പരിചയത്തിലായെന്നും വിവാഹ വാഗ്ദാനം നൽകി പല ഘട്ടങ്ങളിലായി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഇയാൾ മുങ്ങിയെന്നുമാണു പരാതി.തുടർന്ന് യുവതി പാങ്ങോട് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ഇയാൾ ജോലി ചെയ്യുകയാണെന്നു കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐ എൻ.സുനീഷ്, എസ്ഐമാരായ ജെ.അജയൻ, എം.സുലൈമാൻ, ആർ. രാജൻ, എഎസ്ഐ താഹിർ, രഞ്ജിഷ്, നിസാർ, മുകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
