Search
Close this search box.

ടാറിങ് കഴിഞ്ഞ ഭാഗം വീണ്ടും വെട്ടിപ്പൊളിക്കുന്നു : ആറ്റിങ്ങൽ -അയിലം റോഡിനു ശാപമോക്ഷം ഇല്ലേ???

eiN9NMB88854

ആറ്റിങ്ങൽ : ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ ജനങ്ങൾക്ക് ആശ്വാസം പകർന്ന് കൊണ്ടു ആറ്റിങ്ങൽ അയിലം റോഡിന്റെ ടാറിംഗ് പണികൾ ആരംഭിച്ചു. എന്നാൽ ‘ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ’ എന്ന് പറയുന്ന പോലെ റോഡ് വീണ്ടും വെട്ടിപ്പൊളിക്കുന്ന കാഴ്ചയാണ് കാണുന്നത്. നാളുകളായി പൊടിയും മണ്ണും തിന്നുന്ന പ്രദേശവാസികൾക്ക് വീണ്ടും റോഡ് വെട്ടിപ്പൊളിക്കുന്നത് കാണുമ്പോൾ ആശങ്കയാണ്, ഇവിടെ എന്നും മണ്ണും പൊടിയും പറത്തി കളിക്കാനാണോ അധികൃതരുടെ ശ്രമം എന്നാണ് അവരുടെ ചോദ്യം.  മാത്രമല്ല ടാറിങ് നടക്കുന്നത് കണ്ട് വാഹനങ്ങൾ വർക്ഷോപ്പിൽ നിന്ന് ഇറക്കിയവരും മൂക്കത്ത് വിരൽ വെച്ച് നിൽക്കുന്ന അവസ്ഥയാണ്.

തച്ചൂർക്കുന്ന് വേലാംകോണം ജംഗ്ഷന് സമീപമാണ് റോഡ് വെട്ടിപ്പൊളിച്ചത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ലീക്ക് ആയത് കൊണ്ട് അത് പരിഹരിക്കാനാണ് ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ക്വാളിറ്റി കുറഞ്ഞ പൈപ്പുകളാണ് റോഡിനടിയിൽ സ്ഥാപിച്ചിരിക്കുന്നതെന്നും അത് കാരണം ടാറിങ് കഴിഞ്ഞപ്പോൾ പ്രഷർ താങ്ങാനാവാതെയാണ് പൈപ്പ് പൊട്ടുന്നതെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല ടാറിങ്ങിനു മുൻപ് പൈപ്പ് ലൈനിലെ പ്രഷർ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നെങ്കിൽ വീണ്ടും വീണ്ടും റോഡ് വെട്ടിപ്പൊളിക്കുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇപ്പോൾ വെട്ടിപ്പൊളിച്ച ഭാഗത്ത്‌ വീണ്ടും ടാറിങ് ചെയ്യുമ്പോൾ അവിടെ ഇടിഞ്ഞു താഴാനും വലിയ കുഴികൾ രൂപപ്പെടാനും സാധ്യത ഉണ്ടെന്നും ആരോപണമുണ്ട്. വാട്ടർ അതോറിറ്റിയുടെ അശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് പൈപ്പ് പൊട്ടലിന് കാരണമെന്നും പ്രദേശവാസികൾ പറയുന്നു.

ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. തച്ചൂർകുന്ന് ഗ്യാസ് ഗോഡൗൺ മുതൽ കിളിത്തട്ട് മുക്ക് വരെ 2കിലോമീറ്റർ റോഡ് 8 സെന്റിമീറ്റർ കനത്തിലും 5.5 മീറ്റർ വീതിയിലുമാണ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നത്. ഒരുകോടി രൂപ ചിലവിലാണ് നിർമ്മാണം നടക്കുന്നത്. ആദ്യം നിർമ്മാണം ആരംഭിച്ചപ്പോൾ വാട്ടർ അതോറിട്ടി പഴയ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങളിൽ മാസങ്ങളുടെ കാലതാമസം ഉണ്ടായി. തുടർന്ന് വാട്ടർ അതോറിട്ടി, മരാമത്ത് വകുപ്പ്, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിർമ്മാണം തുടങ്ങാനായത്. എന്നാൽ ടാറിട്ട ഭാഗം വെട്ടിപ്പൊളിക്കുന്നത് കണ്ടതോടെ  ജനങ്ങളുടെ നെറ്റി ചുളിഞ്ഞു തുടങ്ങി..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!