വിളപ്പിൽശാല : ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബന്ധു ഉൾപ്പെടെ രണ്ടുപേരെ വെട്ടിവീഴ്‌ത്തിയ സംഭവത്തിൽ പറക്കുംതളിക ബൈജുവും (ജയിൻ വിക്ടർ ), സുഹൃത്ത് പുഞ്ചക്കരി ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് (40) എന്നിവർ പിടിയിലായി. തിങ്കളാഴ്ച രാവിലെ 8.30ഓടെ ഉറിയാക്കോട് നെടിയവിള ഭാഗത്തുവച്ച് നെടിയവിള എസ്.ജി. ഭവനിൽ ലിജുസൂരി, ബിനുകുമാർ എന്നിവരെ വെട്ടിപ്പരിക്കേല്പിച്ച ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നു. കൊച്ചുവേളി വിനായക നഗർ ഗുഡ്സ് യാർഡിന് സമീപം ആയിരംതോപ്പിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തലയ്ക്കും കാലിനും വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ലിജോസൂരി ബൈജുവിന്റെ സഹോദരി പുത്രനാണ്. ആക്രമണം നടന്നതിനു പിന്നാലെ പ്രതികൾ ഉപയോഗിച്ച വാടക കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെടുമങ്ങാട് ഡി.വൈ.എസ്.പി. കെ. സ്റ്റുവർട്ട്കീലർ, വിളപ്പിൽശാല സി.ഐ ബി.എസ്. സജിമോൻ, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
