വെഞ്ഞാറമൂട്: വെഞ്ഞാറമൂട്, പൂവണത്തുംമൂട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ അഞ്ചു പവന്റെ മാല കവർന്നു. പൂവണത്തുംമൂട് മഠത്തുവിളാകത്ത് വീട്ടിൽ സജിയുടെ ഭാര്യ സജിത (25) യുടെ മാലയാണ് മോഷ്ടിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ 1.30 നായിരുന്നു സംഭവം. വീടിന്റെ പുറക് വശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. സമീപത്തെ മാടൻനട ക്ഷേത്രത്തിൽ ഉത്സവം നടക്കുകയായിരുന്നതിനാൽ കതക് പൊളിക്കുന്ന ശബ്ദം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് വീട്ടമ്മ പറയുന്നു. മാല പിടിച്ചു വലിക്കുമ്പോൾ ഉണർന്ന് വീട്ടമ്മ നിലവിളിച്ചെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ചായിരുന്നു മോഷ്ടാവ് എത്തിയതെന്നും വീട്ടമ്മ പറയുന്നു. വെഞ്ഞാറമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.