കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെരുംകുളത്ത് രാത്രിയിൽ ഒരു സംഘം വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീകളെ മർദിക്കുകയും ഗൃഹോപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തുവെന്ന് പരാതി. പെരുംകുളം മിഷൻ കോളനിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് സംഭവം. യുവതിയും മകളും ഉണ്ടായിരുന്ന വീട്ടിലാണ് ഒരു സംഘം യുവാക്കൾ അക്രമം അഴിച്ചു വിട്ടത്. കഞ്ചാവ് മാഫിയയാണ് ഗുണ്ടാ വിളയാട്ടം നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. അക്രമികളിൽ ചിലരെ തിരിച്ചറിഞ്ഞ യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മണനാക്ക്, മാടൻകാവ് കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയകൾ പിടിമുറുക്കുന്നതായി നാട്ടുകാർ പറയുന്നു. സംഘമായി എത്തുന്ന യുവാക്കൾ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചു വിടാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പോലീസ് ഈ ഭാഗങ്ങളിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
