മംഗലപുരം : പരസ്പര വിശ്വാസത്തിലും സഹകരണത്തിലും വളർന്നു വികസിച്ചതാണ് ഇന്ത്യയുടെ സംസ്ക്കാരമെന്നും അതാണ് രാജ്യത്തിന് കരുത്ത് പകരുന്നതെന്നും കവിയും ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. പൗരത്ത്വബില്ലിനെതിരെ സി.പി.എം മംഗലപുരം ലോക്കൽ കമ്മിറ്റി ചെമ്പകമംഗലത്ത് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്തിനു തന്നെ മാതൃകയായ ഭരണഘടനയും അതു ഉറപ്പു നൽകുന്ന അവകാശങ്ങളുമാണ് ഇന്ത്യക്കാരനെന്ന അഭിമാനബോധത്തിന്റെ അടിസ്ഥാനം.നാനാത്ത്വത്തിലും ഏകത്ത്വം എന്നത് രാജ്യത്തിന്റെ ആത്മസത്തയാണ്.അത് തകർക്കാനും ഒരു സംസ്ക്കാരത്തിൻ കീഴിൽ ജനങ്ങളെ തളച്ചിടാനുമുള്ള ശ്രമങ്ങളാണ് കേന്ദ സർക്കാർ നടത്തുന്നത്. അത് പതിറ്റാണ്ടുകളായി നാം തുടർന്നു വന്ന ഭരണഘടനാ അവകാശങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ അതിൽ നിന്നും കേന്ദ്ര ഭരണാധികാരികളെ പിൻതിരിപ്പിക്കാൻ ബഹുജന കൂട്ടായ്മകൾ ശക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൾസലാം അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, ഏര്യാ കമ്മിറ്റി അംഗം കെ.സുനിൽകുമാർ, ജോമോൻ, ബിജു എന്നിവർ സംസാരിച്ചു.
