വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജംഗ്ഷന് സമീപം കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. ആര്യങ്കാവ് സ്വദേശികളായ ആദർശ് (21), ജഗൻ (22) എന്നിവരാണ് പിടിയിലായത്. രാവിലെ 8.30ന് വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ആര്യങ്കാവിൽ നിന്നും കഞ്ചാവുമായി ബൈക്കിൽ എത്തിയ യുവാക്കൾ ഇന്ത്യൻ കോഫീ ഹൗസിൽ കാപ്പി കുടിച്ചു കൊണ്ടിരിക്കവെ സമീപത്ത് ഇരുന്ന കഴക്കൂട്ടം എ.സി.പി വിദ്യാധരന് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് വെഞ്ഞാറമൂട് എസ്.ഐ എം.സാഹിലിനെ വിവരം അറിയിച്ചു. തുടർന്നു നടന്ന പരിശോധനയിൽ ഇവരുടെ ഷർട്ടിനുള്ളിൽ നിന്നും ബൈക്കിൽ നിന്നും ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കണിയാപുരത്ത് എത്തിക്കാനായി കൊണ്ടു പോയതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു.