കടയ്ക്കാവൂർ: പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിതുറന്ന് 45 പവൻ സ്വർണ്ണാഭരണങ്ങളും , വിദേശ കറൻസി അടക്കം ഒരു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യ പ്രതിയെ കടയ്ക്കാവൂർ പോലീസ് പിടികൂടി . മണമ്പൂർ , എംവിപി ഹൗസിൽ യാസീൻ (19) ആണ് പിടിയിൽ ആയത്. ഇയാളോടൊപ്പം മോഷണം നടത്തിയ മറ്റൊരു മുഖ്യ പ്രതിയും മോഷണം , കൊലപാതകം അടക്കം ഒട്ടനവധി കേസ്സുകളിലെ പ്രതിയുമായ രതീഷ് എന്ന കണ്ണപ്പൻ രതീഷ് അടക്കം നാല് പേരെ കടയ്ക്കാവൂർ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മോഷണം ചെയ്ത തുക ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫോണുകളും ,വിദേശ കറൻസിയും പോലീസ് കണ്ടെടുത്തു. ഇതിന് പ്രതികളെ സഹായിച്ച തൊപ്പിച്ചന്ത റോഡുവിള വീട്ടിൽ സിയാദ് , വക്കം മേത്തർ വിളാകത്ത് വീട്ടിൽ സിയാദ് , പെരുംകുളം എം.വി.പി ഹൗസിൽ സെയ്ദാലി എന്നിവരും പിടിയിൽ ആയിരുന്നു.
മോഷണം ചെയ്ത സ്വർണ്ണാഭരണങ്ങൾ രതീഷും , യാസിനും ചേർന്നാണ് രതീഷിന്റെ കവലയൂരുള്ള ഭാര്യാ പിതാവിന്റെ കുഴിമാടത്തിൽ കുഴിച്ചിട്ടിരുന്നത്. രതീഷിനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ മോഷണമുതലുകൾ കണ്ടെത്തിയെങ്കിലും യാസീനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
തമിഴ്നാട്ടിലെ മധുര , ഡിണ്ടിഗൽ ,സേലം കോയമ്പത്തൂർ ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സേലത്ത് നിന്ന് ട്രയിനിൽ വർക്കല ഇറങ്ങി കടയ്ക്കാവൂരിലുള്ള ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ഇയാൾ അറസ്റ്റിൽ ആയത്. പ്രായപൂർത്തി ആകുന്നതിന് മുമ്പ് തന്നെ രണ്ട് കഞ്ചാവ് കടത്ത് കേസിലെ പ്രതിയാണ് ഇപ്പോൾ അറസ്റ്റിൽ ആയ യാസിൻ .
ഈ മാസം 6 ന് രാത്രി മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിന് സമീപം എ.എസ്. ലാൻഡിൽ പ്രവാസിയായ അശോകന്റെ വീടിന്റെ വാതിലുകൾ തകർത്താണ് സംഘം മോഷണം നടത്തിയത്. വിദഗ്ദമായ അന്വേഷണത്തിലൂടെ മോഷണം നടന്ന് മൂന്ന് ആഴ്ച കൊണ്ട് തന്നെ കേസ്സിലെ എല്ലാ പ്രതികളെ പിടികൂടാനും മോഷണം പോയ മുഴുവൻ സ്വർണ്ണാഭരണങ്ങൾ കണ്ടെത്താനും കടയ്ക്കാവൂർ പോലീസിന് കഴിഞ്ഞു. ഒന്നാം പ്രതിയായ യാസീൻ കോടതിയിൽ കീഴടങ്ങാൻ ആണ് നാട്ടിൽ എത്തിയത്. എന്നാൽ പോലീസ് തന്ത്ര പൂർവ്വം പഴുതടച്ച് പ്രതി കോടതിയിൽ കീഴടങ്ങും മുൻപ് പിടി കൂടുകയായിരുന്നു. പോലീസിനെ കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.ഇത് കേരളാ പൊലീസിന് കയ്യടി നേടിക്കൊടുക്കുന്ന അന്വേഷണവും കണ്ടെത്തലും തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. ഒപ്പം കടയ്ക്കാവൂർ പൊലീസിന് നാട്ടുകാർ അഭിനന്ദനങ്ങളും അറിയിച്ചു.
കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എസ് .എം. റിയാസ്സ് , സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ , മാഹിൻ എ.എസ്.ഐ ദിലീപ് , സി.പി.ഒ മാരായ ഡീൻ , ജ്യോതിഷ് ,സുജിത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.