കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പോക്സോ കേസ്സുകളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ വില്ലേജിൽ കീഴ്പേരൂർ ചരുവിള വീട്ടിൽ അനു(31), പഴയകുന്നുമ്മേൽ വില്ലേജിൽ തട്ടത്തുമല മണലയത്തുപച്ച സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ(54) എന്നിവരെയാണ് കിളിമാനൂർ പോലീസ് വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് പെൺകുട്ടിയുടെ അമ്മയുമായി അടുപ്പമുണ്ടായിരുന്നു. കൃത്യത്തിന് ഇരയായ 13 വയസ്സുകാരി കുട്ടിയെ പോങ്ങനാട് സ്റ്റാന്റിലെ ഓട്ടോഡ്രൈവറായ അനു , കിളിമാനൂർ സ്റ്റാന്റിലെ ആട്ടോഡ്രൈവറായ ചന്ദ്രൻ എന്നിവർ വർക്കല ബീച്ച്, പ്രതികളുടെ വീട് എന്നിവിടങ്ങളിൽ വച്ച് പല ദിവസങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചതിലേയ്ക്കാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. സ്കൂൾ അധികൃതർ തങ്ങൾക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ചന്ദ്രനു രണ്ടു ഭാര്യമാരിലായി 4 കുട്ടികളുണ്ട്. അനുവിനും ഭാര്യയും ഒരു കുഞ്ഞുമുണ്ട്. പ്രതികൾ പെൺകുട്ടിയുടെ അമ്മയുമായുള്ള അവിഹിത കൂട്ടുകെട്ട് മുതലെടുത്തതാണ് പെൺകുട്ടിയെ പീഡനത്തിനു വിധേയയാക്കിയത്. ഈ വിവരം പെൺകുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ കൂലിപ്പണിയുമായി ബന്ധപ്പെട്ട് പോയാൽ വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളു . ഇത്തരം സാഹചര്യങ്ങൾ പ്രതികൾ മുതലെടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ രണ്ടു കേസ്സുകൾ രജിസ്റ്റർ ചെയ്തു.
പ്രതികളെ കിളിമാനൂർ, പോങ്ങനാട് എന്നിവിടങ്ങളിൽ വച്ച് കിളിമാനൂർ സി.ഐ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എസ് അഷറഫ് , ഷാജി , എ.എസ്.ഐ ഷജീം , വനിതാ പോലീസുകാരായ പ്രിയ , അനുമോഹൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.