ആറ്റിങ്ങൽ : അവയവദാന ബോധവൽക്കരണം എന്ന മഹത്തായൊരു ലക്ഷ്യവുമായി മഹാരാഷ്ട്ര സാംഗ്ലിയിലെ കർഷകൻ പ്രമോദ് ലക്ഷ്മൺ മഹാജൻ (68) ബൈക്കിൽ രാജ്യം ചുറ്റുകയാണ്. ബൈക്കിൽ പുണെയിൽ നിന്നു തുടങ്ങി ഇന്ത്യയിലെ 17,500 കി. മീ പിന്നിടാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇത് രണ്ടാം തവണയാണ് മഹാജൻ അവയവദാന ബോധവൽക്കരണ യാത്ര നടത്തുന്നത്. 2018ലായിരുന്നു ആദ്യയാത്ര.
അവയവദാന ബോധവൽക്കരണം എന്നതിലുപരി 20 വർഷം മുൻപ് 49 വയസ്സുള്ളപ്പോൾ അപരിചിതനായ സൈനികനു വൃക്ക ദാനം ചെയ്തയാളാണ് മഹാജൻ. ഈ സംഭവമാണ് ഇക്കാര്യത്തിൽ തുടർച്ചയായ ബോധവൽക്കരണം നടത്താൻ മഹാജന് പ്രചോദനമായത്. മുംബൈ, പുണെ എന്നിവിടങ്ങളിലെ ആശുപത്രികളിൽ നടന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 4.5 കോടി രൂപ സമാഹരിച്ചു നൽകാനും മഹാജനു സാധിച്ചു.

132 ദിവസം കൊണ്ട് 94 പട്ടണങ്ങൾ പിന്നിട്ട് 2020 മേയ് 28ന് യാത്ര പൂർത്തിയാക്കാനാണ് മഹാജൻ ലക്ഷ്യമിടുന്നത്. 2015ൽ സ്ഥാപിതമായ റീബർത് ഫൗണ്ടേഷനാണ് യാത്ര സംഘടിപ്പിക്കുന്നത്. ഓൾ ഇന്ത്യ ബൈക്ക് റൈഡേഴ്സാണ് പ്രാദേശിക സഹായങ്ങൾ ചെയ്യുന്നത്. ലക്ഷ്മൺ മഹാജൻ ഇന്നലെ തിരുവനന്തപുരത്ത് എത്തുകയും ആറ്റിങ്ങലിലൂടെ കടന്നു പോകുകയും ചെയ്തു. ബൈക്കിലെ എഴുത്തും തോരണങ്ങളും കണ്ട ആറ്റിങ്ങൽ സ്വദേശികൾ അദ്ദേഹത്തെ പരിചയപ്പെടുകയും എല്ലാ വിധ പിന്തുണയും നൽകി. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ബോധവൽക്കരണ ക്ലാസുകൾ എടുത്തു.

ആറ്റിങ്ങലിലൂടെ പോകുമ്പോൾ എൽഎംഎസ് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ബൈക്ക് ആക്സസറീസ് ആൻഡ് സർവീസ് സ്ഥാപനമായ മോട്ടോ അവന്യുയിലും സന്ദർശനം നടത്തി. ആരോഗ്യമുള്ള മനസ്സാണ് പ്രായത്തേക്കാൾ വലുതെന്നു അദ്ദേഹം തെളിയിച്ചു കാണിക്കുകയാണെന്ന് ആറ്റിങ്ങൽ സ്വദേശികൾ പറഞ്ഞു.