ആറ്റിങ്ങൽ : ആറ്റിങ്ങൽ നിവാസികളുടെ എക്കാലത്തെയും സ്വപ്നമായ ആറ്റിങ്ങൽ ദേശീയ പാത വികസനത്തിന്റെ പൂർണമായ നിർമാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 5 മുതൽ ആരംഭിക്കും. രാത്രികാല നിർമാണമാണ് നടക്കുക. അതുകൊണ്ട് തന്നെ രാത്രിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും.
ദേശീയ പാത ആറ്റിങ്ങൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയാണ് വികസിപ്പിക്കുന്നത്. ഫെബ്രുവരി 5മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാത്രി 8 മണി പുലർച്ചെ 6 മണി വരെയാണ് നിയന്ത്രണം.
കൊല്ലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ നിലവിലത്തെ പോലെ ആലംകോട്- കച്ചേരി ജംഗ്ഷൻ – മുനിസിപ്പാലിറ്റിയുടെ മുന്നിലൂടെ കടന്ന് പോകും. എന്നാൽ തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആറ്റിങ്ങൽ – പാലസ് റോഡ് – മണനാക്ക് – ആലംകോട് വഴി തിരിച്ചു വിടും.
റോഡ് നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ ബിഎസ്എൻഎൽ, വിവിധ മൊബൈൽ കമ്പനികളുടെ കേബിൾ, കെഎസ്ഇബി എലെക്ട്രിക് പോസ്റ്റ്, വാട്ടർ അതോറിറ്റി പൈപ്പ് തുടങ്ങിയവ അതാത് വിഭാഗവുമായി ബന്ധെപ്പെട്ട് മാറ്റി സ്ഥാപിക്കും. ഫോറെസ്റ്റ് വിഭാഗവുമായി ബന്ധപ്പെട്ട് റോഡ് നിർമാണത്തിന് തടസ്സമാകുന്ന മരങ്ങളും മുറിച്ചു മാറ്റും.
നിർമാണ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിൽ വരുത്താൻ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി എംഎൽഎ, നഗരസഭ ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.