വെമ്പായം : റബർ പുരയിടത്തിന് തീപിടിച്ച് ഒന്നര ഏക്കറോളം കുറ്റിക്കാട് കത്തിനശിച്ചു. കൂനൻവേങ്ങ കാവുവിളയിൽ മൻസൂർ, വെള്ളാഞ്ചിറ സ്വദേശി ഷാജി, ഉണ്ടപ്പാറ തടത്തരികത്ത് വീട്ടിൻ ജമാൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് അംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കരിയില കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും തീ പടർന്നതാകാമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സീനിയർ ഫയർ ഓഫീസർ അജിത് കുമാർ, ഫയർ ഓഫീസർമാരായ നിശാന്ത്, അഹമ്മദ് ഷാഫി അബാസി, റജികുമാർ, സന്തോഷ്, ലിനു എന്നിവരടങ്ങുന്ന സംഘം തീഅണയ്ക്കാൻ നേതൃത്വം നൽകി
