കല്ലമ്പലം : കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ കടുവയിൽപള്ളിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:10നാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും കല്ലമ്പലം ഭാഗത്തേക്ക് പോയ ഹോണ്ട കാർ കടുവയിൽപള്ളിക്ക് സമീപം വെച്ച് എതിരെ വന്ന ടെമ്പോ വാനിലും ഹോണ്ട കാറിനു മുന്നിലൂടെ പോയ മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ ആസ്പറ്റോസ് ഷീറ്റും കയറ്റി വന്ന ടെമ്പോ വാൻ മറിഞ്ഞു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ആറ്റിങ്ങൽ സ്വദേശികളായ യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 3 പേരെ ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് കല്ലമ്പലം പോലീസ് എത്തി ഗതാഗത തടസ്സം നീക്കി മേൽനടപടികൾ സ്വീകരിച്ചു.
