നിലയ്ക്കാമുക്ക് സ്കൂളിന്റെ അവസ്ഥ കണ്ടാൽ സർക്കാരിന് മാത്രമല്ല മലയാളികൾക്ക് മൊത്തം നാണക്കേടാണ്..

eiKY69C52359

വക്കം : നിലയ്ക്കാമുക്ക് സ്കൂളിന്റെ ശോചനീയാവസ്ഥ കേരളത്തിന് മുഴുവൻ നാണക്കേടാണ്. എന്താ കാര്യം എന്നല്ലേ.. സർക്കാർ സ്കൂളിനേക്കാൾ ഇവിടെ പ്രാധാന്യം ബിവറേജസ് ഔട്ലെറ്റിനാണ്. നിരവധി തവണ സ്കൂൾ കുട്ടികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിയമ നടപടികളാരംഭിച്ചു.

സ്കൂളിലെ കുട്ടികളുടെ കളിസ്ഥലം ചപ്പുചവറുകൾ നിറഞ്ഞ നിലയിൽ ആയിരുന്നു. കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂൾ പരിസരത്ത് കാണുന്നത് സമീപത്തെ മദ്യവില്പനശാലയിലെ കുപ്പികളായിരുന്നു. മാത്രമല്ല ഗ്രൗണ്ടിൽ പൊട്ടിച്ചിതറിയ നിലയിൽ കിടന്നിരുന്ന കുപ്പിക്കഷ്ണങ്ങൾ കുട്ടികൾക്ക് അപകടം ഉണ്ടാക്കാനുള്ള സാധ്യതതയും ഉണ്ടായിരുന്നു. വക്കം പഞ്ചായത്ത് സെക്രട്ടറിക്ക് ബാലാവകാശകമ്മീഷൻ നോട്ടീസ് അയച്ചതിനെ തുടർന്ന് കുറച്ച് തൊഴിലാളികളെ വിട്ട് അവിടെ വൃത്തിയാക്കി. എന്നാൽ കാലി കുപ്പികൾ അവിടെ തന്നെ ഒരു മൂലയിൽ കൂട്ടിയിട്ട് പഞ്ചായത്ത് അധികൃതർ ഒരു പ്രഹസന പരിപാടി നടത്തിയെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ എക്സൈസ് ജീവനക്കാർക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ് കിട്ടിയതിനെ തുടർന്ന് അവരും എന്തൊക്കെയോ ചെയ്‌തെന്ന് വരുത്തി മടങ്ങിപ്പോവുകയാണ് ചെയ്തത്.

സ്കൂളിലെ അധ്യാപകരുടെയും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും പരാതികൾ ഒന്നും തന്നെ കേൾക്കാതെ മദ്യശാല ജീവനക്കാരോട് സ്കൂൾ ഗ്രൗണ്ടിൽ കുപ്പികൾ വലിച്ചെറിയാതെ നോക്കണം എന്ന് താക്കീത് നൽകി മഹത്തായ മാറ്റത്തിനാണ് അധികാരികളുടെ ശ്രമം. ഇനി കുപ്പിയോ മറ്റോ വീണാലോ, അത് കുട്ടികളുടെ വിധി എന്ന മട്ടിലാണ് കാര്യങ്ങൾ. സ്കൂളിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിയ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കൂളിന് മൂന്ന് തൊട്ടിയും 4 സ്റ്റീൽ പാത്രങ്ങളും നൽകി അദ്ദേഹവും മാതൃകയായി എന്നുള്ളതും നാട്ടുകാർ വളരെ ആവേശത്തോടെ പറയുന്നുണ്ട്. ഇതൊന്നും ആരും അറിയിക്കാത്തത് കൊണ്ടാവാം എംഎൽഎയും എംപിയും ഒന്നും ഇതുവരെയും ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നും ജനങ്ങൾ പറയുന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് പ്രാധാന്യത്തോടെ കണ്ട് പരിഹരിച്ചില്ലെങ്കിൽ അനുകൂലമായ വിദ്യാഭ്യാസ സാഹചര്യം ഒരുക്കാതെ വളർന്നുവരുന്ന തലമുറയെ നശിപ്പിക്കാൻ പ്രേരിപ്പിക്കുന്നതോടൊപ്പം മലയാളികൾക്ക് ഒന്നടങ്കം നാണക്കേട് കൂടിയാണെന്ന് നാട്ടുകാർ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!