സംസ്ഥാനത്തെ അതീവ സുരക്ഷാമേഖലയായ പൊന്മുടി അപ്പർ സാനിറ്റോറിയത്തിലെ വയർലെസ് സ്റ്റേഷനു സമീപത്ത് തീപ്പിടിച്ചു. അഞ്ചര ഏക്കറിലധികം പുൽമേട് കത്തിനശിച്ചു. പോലീസിന്റെ വയർലെസ് കേന്ദ്രത്തിനു സമീപംവരെ തീ പടർന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇതിന് 500 മീറ്റർ അകലെയുള്ള വനംവകുപ്പിന്റെ വാച്ച് ടവറിനു സമീപത്തു നിന്ന് തീ പടർന്നുതുടങ്ങിയത്. പോലീസിന്റെ സുരക്ഷാ ജീവനക്കാർ സംരക്ഷണം നൽകുന്ന ഓഫീസ് സമുച്ചയമാണിത്. പൊന്മുടി പോലീസ് വിവരമറിയിച്ചതനുസരിച്ച് വിതുരയിൽ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. എന്നാൽ കുന്നുകൾ കയറി തീകെടുത്താനുള്ള സംവിധാനങ്ങൾ അഗ്നിരക്ഷാസേന യൂണിറ്റിന്റെ പക്കലുമുണ്ടായിരുന്നില്ല. എത്താവുന്ന ദൂരമത്രയും കയറി വെള്ളമൊഴിച്ചു പരമാവധി തീ കെടുത്തുമ്പോഴേയ്ക്കും കാറ്റിന്റെ ശക്തിയിൽ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ പൊന്മുടിയിലെത്തിയ സന്ദർശകരും ഭീതിയിലായി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ കെടുത്താനായത്. അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫീസർ ഹരിലാൽ, ഓഫീസർമാരായ രതീഷ്കുമാർ, ജയകൃഷ്ണൻ, സന്തോഷ്കുമാർ, തങ്കരാജൻ, രാജൻ, സുനീഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് തീ കെടുത്തിയത്. പൊന്മുടി എസ്.ഐ. വിജയകുമാറിന്റെ നേതൃത്വത്തിൽ പോലീസും തീകെടുത്താനുള്ള ശ്രമങ്ങളിൽ പങ്കാളികളായി. സംസ്ഥാനത്തെ അതീവ സുരക്ഷാമേഖലയാണ് ‘ജാക്ക് വൺ’ എന്നറിയപ്പെടുന്ന പൊന്മുടിയിലെ വയർലെസ് സ്റ്റേഷൻ. മൂന്നു ജില്ലകൾക്ക് പോലീസ് വയർലെസ് സന്ദേശം കൈമാറുന്നതിനാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. എന്നിട്ടും ഇവിടെ എങ്ങനെ തീ പടർന്നു എന്നതിൽ ദുരൂഹതയുണ്ട്.
