അഴൂർ: അഴൂർ പെരുങ്ങുഴിയിൽ രാവിലെ ചായക്കട തുറക്കാനെത്തിയ സ്ത്രീയുടെ മാലയും പണമടങ്ങിയ ബാഗും പിടിച്ചുപറിച്ചതായി പരാതി. പെരുങ്ങുഴി മേട ജങ്ഷനിലാണ് സംഭവം. പെരുങ്ങുഴി മൂളിച്ചിവിളാകം വീട്ടിൽ ശോഭയുടെ(47) മാലയും പണവുമാണ് കവർന്നത്. പുലർച്ചെ ബൈക്കിലെത്തിയ രണ്ടുപേരാണ് ശോഭയെ വഴിയിൽ തടഞ്ഞുനിർത്തി രണ്ടരപ്പവന്റെ മാലയും കൈയിലുണ്ടായിരുന്ന പഴ്സിലെ പണവും വില്പനയ്ക്ക് കരുതിയ സാധനങ്ങളും മൊബൈൽ ഫോണും തട്ടിയെടുത്ത് കടന്നത്. അക്രമികളുമായുണ്ടായ പിടിവലിയിൽ ശോഭയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു. ശോഭ ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. അന്വേഷണം നടന്നുവരുന്നതായി ചിറയിൻകീഴ് പോലീസ് അറിയിച്ചു.
