മാറനല്ലൂർ : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മാറനല്ലൂർ അരുവിക്കര വിഷ്ണുഭവനിൽ എസ്.വിനോദ്കുമാർ(31) ആണ് അറസ്റ്റിലായത്.ഭാര്യയുമായി വഴക്കിട്ടശേഷം ശരീരത്തിൽ പല ഭാഗത്തും മുറിവേൽപ്പിക്കുകയും കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കോട്ടയം സ്വദേശിയായ യുവതിയെ മൂന്നുവർഷം മുൻപാണ് വിനോദ്കുമാർ വിവാഹം ചെയ്തത്.ഈ ദമ്പതികൾക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്.ഭാര്യയുമായി പിണങ്ങിയതിനെ തുടർന്ന് കഴിഞ്ഞ മാസം വിനോദ്കുമാർ അവരുടെ വീട്ടിൽ കൊണ്ട് വിട്ടിരുന്നു.പിണക്കം മാറി കഴിഞ്ഞ ദിവസം വിനോദിനൊപ്പം താമസിക്കാൻ അരുവിക്കരയിലെ വീട്ടിലെത്തിയെങ്കിലും വീണ്ടും ഭാര്യയുമായി വഴക്കിട്ടശേഷം ആക്രമിക്കുകയായിരുന്നു. മുറിവുമായി മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത വിനോദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.