ചിറയിൻകീഴ് : ശാർക്കരയിൽ നടന്ന പ്രേംനസീർ സ്മൃതി സായാഹ്നം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 37 വർഷം സിനിമയിൽ അഭിനയിച്ച പ്രേംനസീർ അഭിനേതാക്കൾക്ക് പാഠപുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു. ചിറയിൻകീഴ് പൗരാവലിയുടെ പ്രേംനസീർ പുരസ്കാരം നെടുമുടി വേണുവിന് മന്ത്രി സി രവീന്ദ്രനാഥ് സമ്മാനിച്ചു.
പ്രേംനസീറിന് സ്മാരകം നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചിറയിൻകീഴ് പഞ്ചായത്ത് ഏർപ്പെടുത്തിയ 50,001 രൂപയും ആർട്ടിസ്റ്റ് ബി ഡി ദത്തൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നസീർ മരിക്കുന്നില്ലെന്നും ഏതെങ്കിലും ഒരു ദിവസം അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാതിരിക്കുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷ് അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ വി ശശി പ്രശസ്തിപത്രം നെടുമുടി വേണുവിന് സമ്മാനിച്ചു. കൊറിയോഗ്രാഫിക് സംസ്ഥാന അവാർഡ് നേടിയ സജ്ന നജാമിനെ മന്ത്രി സി രവീന്ദ്രനാഥ് ആദരിച്ചു. ആനത്തലവട്ടം ആനന്ദൻ, വി ജോയി എംഎൽഎ, ശരത്ചന്ദ്രപ്രസാദ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ് ഡീന എന്നിവർ കലാകാരന്മാരെ ആദരിച്ചു. പ്രേംനസീർ അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ എസ് വി അനിലാൽ സ്വാഗതവും കെ ദിനേഷ് നന്ദിയും പറഞ്ഞു.
