ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ പരിധിയിൽ കച്ചേരി നടയിലെ എ.വൺ ഏജൻസി എന്ന സ്ഥാപനത്തിൽ നിന്ന് 500 കിലോയിലധികം വരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നഗരസഭ പിടിച്ചെടുത്തു. സംസ്ഥാന സർക്കാർ ജനുവരി 1 മുതൽ ഒറ്റത്തവണ ഉപേയാഗ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചിരുന്നു. ഈ നിയമം ലംഘിച്ചാണ് അനധികൃത പ്ലാസ്റ്റിക് മൊത്തമായും ചില്ലറയായും വില്പപന നടത്തിയതെന്നും അത് ശ്രദ്ധയിൽപ്പെട്ടാണ് റെയ്ഡ് നടത്തി പ്ലാസ്റ്റിക് പിടിച്ചെടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. തുടർന്ന് വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്നും നിയമ ലംഘകർക്കെതിരെ പരമാവധി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. ആരോഗ്യ വിഭാഗം സൂപ്പർവൈസർ ബി. അജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ്, പ്ലാന്റ് മാനേജർ മോഹൻകുമാർ തുടങ്ങിയവരുടെ സംഘമാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.
