കാട്ടാക്കട : കാട്ടാക്കട ടൗൺ വികസനത്തിന് ബജറ്റിൽ 100 കോടി രൂപ അനുവദിച്ചു. ഗതാഗതക്കുരുക്കഴിച്ച് അപകടങ്ങളൊഴിവാക്കി നഗരസൗന്ദര്യവൽക്കരണത്തിനാണ് പദ്ധതി. നാറ്റ്പാക്, വിളപ്പിൽശാല കോളേജ് ഓഫ് ആർക്കിടെക്‌ചർ എന്നിവ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. ജങ്‌ഷൻ വികസനം, റിങ് റോഡുകൾ, മേൽപാലം എന്നിവയിലൂടെ ഗതാഗതക്കുരുക്ക് പരിഹരിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 100 കോടി ബജറ്റിൽ വകയിരുത്തിയത്. വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കി സാങ്കേതിക അനുമതി നേടുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കും. പതിറ്റാണ്ടുകളായുള്ള കാട്ടാക്കടക്കാരുടെ ആവശ്യമാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്നതെന്ന് ഐ ബി സതീഷ് എംഎൽഎ പറഞ്ഞു. മൂന്നു മാസത്തിനകം ഡിപിആർ (ഡിറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കും. ലെനിൻ രാജേന്ദ്രന്റെ ജന്മനാടായ ഊരുട്ടമ്പലത്ത് അദ്ദേഹത്തിന്റെ പേരിൽ സാംസ്കാരിക കേന്ദ്രവും തിയറ്റർ സമുച്ചയവും നിർമിക്കും.
