ഇലകമൺ : ഇലകമൺ പഞ്ചായത്തിലെ കൊച്ചുപാരിപ്പള്ളിമുക്ക് മുതൽ പോലീസ്മുക്കു വരെയുള്ള ഭാഗത്ത് തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. പഞ്ചായത്തിലെ അഞ്ച്, 11 വാർഡുകൾ ഉൾപ്പെടുന്ന ഭാഗമാണ് മാസങ്ങളായി ഇരുട്ടിലായത്. വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ പ്രദേശത്ത് സാമൂഹികവിരുദ്ധശല്യം വർധിക്കുകയാണ്. തെരുവുനായശല്യവും രൂക്ഷമാണ്. പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മേച്ചേരി പാലം മുതൽ പോലീസ് മുക്കുവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നുകിടക്കുകയാണ്. ഈ ഭാഗത്ത് ഇറച്ചിമാലിന്യമുൾപ്പെടെ നിക്ഷേപിക്കുന്നുണ്ട്. മാംസാവശിഷ്ടങ്ങൾ തേടിയെത്തുന്ന തെരുവുനായകൾ കാൽനട, ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്. പഞ്ചായത്ത് ഇടപെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
								
															
								
								
															
															
				

