ആര്യനാട്: ആര്യനാട് എൻ.പി.എം. ഗവ. ഐ.ടി.ഐ. യുടെ വികസനത്തിനും തൊഴിൽ പരിശീലന പരിപാടികൾക്കുമായി 1.20 കോടി രൂപയുടെ പദ്ധതി അനുവദിച്ചതായി അടൂർ പ്രകാശ് എം.പി. അറിയിച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ഈ തുകയിൽ 65 ലക്ഷം രൂപ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കായും ബാക്കിത്തുക ആധുനിക സൗകര്യങ്ങളോടുകൂടിയ തൊഴിൽ പരിശീലന ഉപകരണങ്ങൾ വാങ്ങുന്നതിനായും വിനിയോഗിക്കുമെന്നും എം.പി. അറിയിച്ചു. ഹൈടെക് ക്ലാസ് റൂം പുതുതായി നിർമിക്കും. കൂടാതെ നിലവിലെ പെയിന്റിങ് ബൂത്ത് കൂടുതൽ സൗകര്യങ്ങളോടുകൂടി നവീകരിക്കും. നിലവിലെ കാന്റീൻ കെട്ടിടത്തിന്റെ മേൽക്കൂര നവീകരിക്കും. ഇവയ്ക്കൊപ്പം മികച്ച സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയുള്ള ക്ലാസ് മുറിയും രണ്ട് കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഇടനാഴിയും നിർമിക്കും. ഈ പദ്ധതികൾക്കായി അംഗീകരിച്ച 65.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കുമെന്നും എം.പി. അറിയിച്ചു.
