ആറ്റിങ്ങല്‍: ആറ്റിങ്ങലിന്റെ സ്വപ്നപദ്ധതിയായ ബൈപ്പാസ് ഉടൻ വരുമെന്ന് വാർത്തകൾ വരാൻ തുടങ്ങിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. ഇന്നും സ്ഥലനിർണയം പോലും പൂർത്തീകരിക്കാൻ കഴിയുന്നില്ല. ഓരോ തവണ സ്ഥലനിർണയം നടത്തുമ്പോഴും ഓരോരോ പ്രശ്നങ്ങളാണ്. നിരവധി പ്രാവശ്യം ഉദ്യോഗസ്ഥർ സ്ഥലങ്ങളിൽ എത്തി കല്ലിടൽ നടത്തി. എന്നാൽ കല്ലിടൽ ഭൂഉടമകൾക്ക് ഒരു കരിങ്കല്ലായി നെഞ്ചിൽ തറയ്ക്കുന്നതല്ലാതെ ഒരു അന്തിമ തീരുമാനം ഉണ്ടാകുന്നില്ല. നേരത്തെ പാലാംകോണം പള്ളി ഭൂമിയുടെ അവിടെ സ്ഥലം കയറ്റി എടുക്കുമ്പോൾ ശ്മശാനങ്ങൾ വെട്ടിപ്പൊളിക്കേണ്ടി വരുമെന്ന അവസ്ഥ വന്നതിനാൽ വീണ്ടും പഴയ അലൈൻമെൻറ് അനുസരിച്ച് സ്ഥലം എടുക്കുമെന്ന് അറിയിപ്പു വന്നിരുന്നു. എന്നാലിപ്പോൾ പഴയ അലൈൻമെൻറ് അനുസരിച്ച് അല്ലാ പുതിയ രീതിയിലാണ് സ്ഥലം എടുക്കുന്നതെന്ന് ആരോപിച്ച് കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ക്ഷേത്രവളപ്പില്‍ കല്ലിടാനുളള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പഴയ അലൈന്‍മെന്റ് അനുസരിച്ചല്ല സ്ഥലനിര്‍ണയം നടക്കുന്നതെന്നാണ് ആക്ഷേപം.
പഴയരൂപരേഖപ്രകാരം തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിന്റെ മൂലയിലൂടെയായിരുന്നു റോഡിന് സ്ഥലനിര്‍ണയം നടത്തിയിരുന്നത്. ഇതുപോലും ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ദേവസ്വംവകുപ്പ് മന്ത്രിയോടും ജില്ലാകളക്ടറോടും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ സ്ഥലനിര്‍ണയം നടക്കുമ്പോള്‍ ക്ഷേത്രത്തിലെ പാട്ടുപുരയും കടന്നാണ് റോഡിന്റെ അതിര്‍ത്തി നിര്‍ണയിച്ചിട്ടുളളത്. ഇതനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പരദേവതാസ്ഥാനമായ ക്ഷേത്രത്തിന് ചരിത്രപരമായും ആചാരപരമായും ഒട്ടേറെ പ്രാധാന്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാര്‍. ആറ്റിങ്ങൽ ബൈപ്പാസിന്റെ കല്ലിടലും സ്ഥലനിർണയവും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നാണ് ആക്ഷേപമുയരുന്നത്. ഒന്നുകിൽ ബൈപാസ് സ്ഥലം നിർണയിച്ച് എത്രയുംവേഗം റോഡിൻറെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും അല്ലെങ്കിൽ ശാശ്വതമായ ഒരു തീരുമാനം എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.