കല്ലമ്പലം: മാവിൻമൂട് കുണ്ടമൺകാവ് ഇണ്ടിളയപ്പൻക്ഷേത്രത്തിന് മുൻവശത്തു നിന്ന ആൽമരം ഒടിഞ്ഞു വീണ് മൂന്നു പേർക്ക് പരിക്കേറ്റു. കുണ്ടുമൺകാവ് സ്വദേശികളായ ഗീത,സുമതി,മണിച്ചി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ക്ഷേത്ര വളപ്പിൽ നിന്ന 150 വർഷത്തോളം പഴക്കമുള്ള ആൽമരമാണ് ശക്തമായ കാറ്റിൽ കടപുഴകിയത്.മരത്തിന്റെ മൂട് ദ്രവിച്ചിരിക്കുകയായിരുന്നു.ഓടിമാറാൻ ശ്രമിക്കുന്നതിനിടെ മരത്തിന്റെ ശിഖിരങ്ങൾ ദേഹത്ത് തട്ടിയാണ് മൂവർക്കും പരിക്കേറ്റത്. ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി പരിസരം വൃത്തിയാക്കുകയായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. നിസാര പരിക്കേറ്റവരെ നാട്ടുകാർ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
