ചിറയിൻകീഴ് : പ്രതിഭാശാലികളെല്ലാം നാടിന്റെ പൊതു സ്വത്തായതിനാൽ അവരുടെ വളർച്ചക്ക് സമൂഹത്തിന്റെ പിൻതുണ വളരെ വലുതാണെന്ന് കവി രാധാകൃഷണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. ദേശീയ കായിക പുരസ്ക്കാരം നേടിയ കേരള ഖോ-ഖോ ടീം ക്യാപ്റ്റൻ ഭാഗ്യദേവിനെ ആദരിക്കുന്നതിന് കലാകായിക സംഘടനയായ കാസ്കോ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കലാപ്രതിഭകളെ പോലെ നാം അറിഞ്ഞ് ആദരിക്കേണ്ടവരാണ് കായിക പ്രതിഭകൾ.നിരന്തരമായ പരിശ്രമത്തിലൂടെ നേടി എടുക്കുന്നതാണ് കായിക ശക്തി. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകുന്ന കായിക പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നു നൽകുന്ന കേന്ദ്രങ്ങളാണ് പല ക്ലബുക്കളും സാംസ്ക്കാരിക സംഘങ്ങളും. കാസ്കോ അത്തരം പ്രവർത്തനങ്ങളിൽ ഏറെ മുന്നേറിയിട്ടുണ്ട്. ഈ രംഗത്തെ കൂട്ടായ്മകളെ സഹായിക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ചുമടുതാങ്ങി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ യു.ചന്ദ്രമോഹനൻ അധ്യക്ഷനായി.വി.ശ്രീകുമാർ ക്യാഷ്പ്രൈസ് സമ്മാനിച്ചു.വിശാഖ് ജയകുമാർ, വിഷ്ണുരാജ് എന്നിവർ സംസാരിച്ചു.ഭാഗ്യദേവിന്റെ മാതാപിതാക്കളായ സുഭാഷ്, ആശ തുടങ്ങിയവർ പങ്കെടുത്തു.ഇക്കഴിഞ്ഞ 5 മുതൽ 9 വരെ കാശ്മീരിലെ ജമ്മുവിൽ നടന്ന ദേശീയഖോ-ഖോ മൽസരത്തിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനവും കേരള ടീം രണ്ടാം സ്ഥാവും നേടി. കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്ലസ്ടു വിദ്യാർത്ഥിയായ ഭാഗ്യദേവ്.
