കല്ലമ്പലം : അടിപിടി കേസ്, കഞ്ചാവ് കച്ചവടം, കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ കുടവൂർ വില്ലേജിൽ പുതുശ്ശേരിമുക്ക് വണ്ടിത്തടം ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് ബഷീറിന്റെ മകൻ ഓട്ടോ ജാഫർ എന്ന് വിളിക്കുന്ന ജാഫർ (43)നെയും സഹായിയും കൂട്ടു കച്ചവടക്കാരനുമായ കരവാരം വില്ലേജിൽ കടുവയിൽ പള്ളിക്കു സമീപം മേലെവിള പുത്തൻവീട്ടിൽ അബ്ദുൽഹമീദിന്റെ മകൻ നസീം (33)എന്നിവരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ജാഫറിന്റെ കൈവശമുള്ള ടാറ്റ സുമോ കാറിൽ വന്നു കടുവപള്ളി എന്ന സ്ഥലത്തെത്തി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വിൽപ്പന നടത്തുന്നതായി കണ്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ ശരീരത്തിൽ ന്യൂസ് പേപ്പറിൽ ചെറു പ്രതികളായി പൊതിഞ്ഞു വെച്ച നിലയിലും കവറുകളിൽ പൊതിഞ്ഞു കൊടുക്കാൻ പാകത്തിൽ വെച്ച നിലയിലുമാണ് ഒന്നരക്കിലോ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിനോടൊപ്പം വിൽപ്പന നടത്തി കിട്ടിയ പണവും വാഹനവും പോലീസ് പിടിച്ചെടുത്തു.
ഓട്ടോ ജാഫറിനെ രണ്ടുമാസം മുമ്പ് അയിരൂർ പോലീസ് മുക്കാൽ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും പിടിയിലാകുന്നത്. ജാഫർ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിൻറെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് കച്ചവടത്തിനായി കഞ്ചാവുമായി ടാറ്റ സുമോ കാറിൽ പ്രതികൾ വരുന്നതായി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ബി അശോകൻ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി പി.വി ബേബിയുടെ മേൽനോട്ടത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫിറോസ്.ഐ, സബ് ഇൻസ്പെക്ടർ നിജാം വി, അഡീഷണൽ സബ് ഇൻസ്‌പെക്ടർ എംകെ സക്കീർ ഹുസൈൻ, എസ്.സി.പി.ഒമാരായ അനൂജ്, ഷാൻ, മനോജ്, സതീശൻ, എ.എസ്.ഐ സുനിൽകുമാർ, ഗ്രേഡ് എസ്.ഐമാരായ രാധാകൃഷ്ണൻ, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഞ്ചാവ് വിൽപന തടയുന്നതിനു ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് പറഞ്ഞു