മൂക്കുപൊത്തി ആലംകോട്! രോഗങ്ങൾ പടരാൻ കാത്തുനിൽക്കുന്നു…

ei8UI8W81324

ആലംകോട് : രോഗങ്ങളുടെ കലവറയായി ആലംകോട് ചന്ത. ആലംകോട് ജംഗ്ഷനിൽ എത്തുന്നവർക്ക് മൂക്കുപൊത്താതെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് ആലംകോട് ജംഗ്ഷനിൽ മണനാക്കിലേക്ക് പോകുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ആലംകോട് ചന്ത വൃത്തിഹീനമായ അവസ്ഥയിൽ തുടരുന്നു. മാറാരോഗങ്ങളും അസ്വസ്ഥതകളും പ്രദേശത്തിന് സമ്മാനിക്കാൻ വീർപ്പു മുട്ടി നിൽക്കുകയാണ് ആലംകോട് ചന്ത. ചന്തയിൽ മീൻ വിൽപ്പനയെക്കാൾ നല്ലത് മാലിന്യക്കച്ചവടം ആണെന്ന് തോന്നിപ്പോവും. ചന്ത ഇപ്പോൾ ഈ നാടിൻറെ ശാപമായി മാറിക്കൊണ്ടിരിക്കുന്നു. മീൻവെള്ളം ഓടകളിൽ ഒഴുക്കി ഓടകൾ നിറഞ്ഞുകവിഞ്ഞ് റോഡിലൂടെ മലിനജലം ഒഴുകുന്നത് സ്ഥിരം കാഴ്ചയാണ്.

മദ്യക്കുപ്പികളും ചപ്പുചവറുകളും ഓടയിൽ കിടക്കുന്നതിനാൽ മലിനജലവും മറ്റ് മാലിന്യങ്ങളും ചേർന്ന് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്. മാത്രമല്ല ഓടയിലെ മലിനജലത്തിൽ പുഴുക്കളും കൃമികളും എല്ലാം നുഴഞ്ഞു കളിക്കുന്നതും കാണാം. ഈ മലിനജലത്തിൽ ദിവസങ്ങൾക്കുമുമ്പ് ചത്ത പട്ടിയും ഉണ്ട് . അത് ഈ മലിനജലം കുടിച്ച് ചത്തത് ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അത്രത്തോളം വീര്യമുള്ള മലിനജലമാണ് ഇവിടെ ഒഴുകുന്നത്.


നിരവധി ഭക്ഷണശാലകളും വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉള്ള ആലംകോടിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. മാത്രമല്ല മണനാക്ക് ഭാഗത്തേക്കുള്ള യാത്രക്കാർ ബസു കാത്തു നിൽക്കുന്നതും ഈ ചന്തയുടെ സമീപമാണ്. ഇവിടെ ഒരു മിനിട്ട് നിന്നാൽ കുന്നോളം അസുഖങ്ങളും ചുമന്നുകൊണ്ട് പോകാം. ഈച്ചയും കൊതുകും നായയും എല്ലാം ഇവിടത്തെ മാലിന്യത്തിന് അടിമകളാണ്. ഈച്ചയും കൊതുകും വലിയ രോഗങ്ങൾ പടർത്താനുള്ള സാധ്യത ഏറെയാണ്. അടിസ്ഥാനസൗകര്യങ്ങൾ പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ആലങ്കോട് ചന്ത ജനങ്ങൾക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്.

ചന്തയിലെ കക്കൂസ് മലീമസമായി കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതുവരെയും കക്കൂസ് മാലിന്യ മുക്തമാക്കി ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ അധികാരികൾക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ടാക്സ് വാങ്ങി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നഗരസഭ എന്തുകൊണ്ട് ശുചിത്വ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നില്ലെന്ന് നാട്ടുകാർ ചോദിക്കുന്നു. പണമല്ല സമ്പാദ്യമൊന്നും ആരോഗ്യമുള്ള ശരീരമാണ് മനുഷ്യൻറെ സമ്പാദ്യം എന്നും നാട്ടുകാർ ഓർമ്മപ്പെടുത്തുന്നു.


ചന്തയുടെ സമീപം റോഡ് വക്കിൽ അടുക്കി വയ്ക്കുന്ന മീൻ പെട്ടി റോഡിൽവീണ് ഗതാഗതതടസ്സം ഉണ്ടാകുന്നതും ഇവിടെ സ്ഥിരമാണ്. മാത്രമല്ല ചന്തയിൽ വരുന്ന വലിയ വാഹനങ്ങൾ റോഡിൽ പാർക്ക്‌ ചെയ്യുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കാറുണ്ട്. പണമുള്ളവന് എന്തുമാകാം എന്ന നിലയിലാണ് ആലംകോട് ചന്തയിൽ വൃത്തിഹീനമായ രീതിയിൽ വ്യാപാരം നടക്കുന്നത്. മാസങ്ങൾ പഴക്കമുള്ള ഫോർമാലിനും മറ്റ് വിഷാംശങ്ങളും കലർത്തിയ മത്സ്യമാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തിച്ച് വിൽപന നടത്തുന്നത് എന്നുള്ള ആരോപണം നേരത്തെ ഉയർന്നിരുന്നു. നൂറുകണക്കിന് ലോഡുകളിലായി ഇവിടെയെത്തുന്ന മത്സ്യത്തിന്റെ മലിനജലം തുറന്നു കിടക്കുന്ന ഓടയിലൂടെ ഒഴുക്കിവിടുന്നത് ഇവിടത്തെ ജനങ്ങൾക്ക് ആരോഗ്യപരമായ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. നഗരസഭ അധികാരികൾ വിഷയം ഗൗരവതിലെടുത്തു മാറാ രോഗങ്ങൾ പിടിപെടുന്നത് വരെ കാത്തിരിക്കാതെ അടിയന്തിരമായി പരിഹാരം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!