നെടുമങ്ങാട് :ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ തടഞ്ഞു നിറുത്തി ആക്രമിച്ചു സ്വർണ്ണ മാല കവരുന്ന സംഘം നെടുമങ്ങാട് പോലീസിന്റെ പിടിയിലായി. നെടുമങ്ങാട് കേന്ദ്രീകരിച്ചു ജില്ലയുടെ വിവിധ മേഖലകളിൽ നിന്നും സംഘം മാല കവർന്നു വന്നതായി പോലീസ് പറഞ്ഞു. നെടുമങ്ങാട് പത്താംകല്ല് വി ഐ പി ഗ്രൗണ്ടിന് സമീപം പറമുട്ടം ഷെറീന മൻസിലിൽ മുഹമ്മദ് ഷഫീക് (23), കരകുളം കായ്പാടി ലക്ഷം വീട് കോളനിയിൽ കരിക്കകത്ത് വീട്ടിൽ മുഹമ്മദ് മാഹീൻ (23), ഉഴമലയ്ക്കൽ പുതുക്കുളങ്ങര പള്ളിവിള ഷാഹിദ മൻസിലിൽ ആസിഫ് കെ അലി (22)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 25-ാം തിയതി രാത്രി എട്ടു മണിക്ക് കുളവികോണം ജംഗ്ഷന് സമീപം കരിപ്പൂര് മൂത്താംകോണം സ്വദേശി ഭാസ്കരനെ തടഞ്ഞു നിർത്തി ആക്രമിക്കുകയും കഴുത്തിൽ കിടന്ന സ്വർണ്ണ മാല പൊട്ടിച്ചെടുക്കുകയും ചെയ്ത കേസിലാണ് മൂഹമ്മദ് ഷെഫീക് , അസിഫ് കെ അലി എന്നിവർ പിടിയിലായത്. ഈ കേസിലെ മൂന്നാം പ്രതിയായിരുന്ന വട്ടിയൂർക്കാവ് സ്വദേശി ശ്രീജിത്ത് നേരത്തെ പിടിയിലായി റിമാന്റിൽ കഴിഞ്ഞു വരികയാണ്.
ആനാട് സ്വദേശിയും വനിത എക്സൈസ് ഓഫീസറുമായ മഞ്ജുഷയെ തടഞ്ഞു നിറുത്തി ആക്രമിക്കുകയും കഴുത്തിൽ കിടന്ന അഞ്ചു പവനോളം തൂക്കമുള്ള മാല പൊട്ടിച്ചെടുത്തു കടന്ന
കേസിലാണ് മൂഹമ്മദ് ഷെഫീക് , മൂഹമ്മദ് മാഹീൻ എന്നിവർ അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 3-ാം തിയതി രാത്രി 8.45 മണിയോടുകൂടി ഡ്യൂട്ടി കഴിഞ്ഞ് സ്ക്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന മഞ്ജുഷയെ വീടിന് സമീപം വച്ച് കൈകാണിച്ച് തടഞ്ഞു നിർത്തി ഒരാളുടെ വീട് ചോദിക്കുകയും സംശയം തോന്നി മുന്നോട്ട് പോയ മഞ്ജുഷയെ മൂഖത്ത് അടിക്കുകയും ചവിട്ടി തള്ളിയിടുകയും മാല പിടിച്ചു പറിക്കുകയും ചെയ്യുകയായിരുന്നു. സമാനമായ നിരവധി കേസുകൾ ചെയ്തതായി
പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി .രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുനിൽ ഗോപി, ശ്രീകുമാർ , എ എസ് ഐ മാരായ പ്രദീപ്, ഫ്രാങ്ക്ളിൻ , വിജയൻ എസ്
സി പി ഒ മാരായ ബിജു, രാജേഷ്, സി പി ഒ സനൽ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.