വെഞ്ഞാറമൂട് : സാമൂഹ്യ വിരുദ്ധർ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു കോലിയക്കോട് കുന്നിട ആവണിയിൽ രാമചന്ദ്രന്റെ വീട്ടിലായിരുന്നു സംഭവം. വീടിനോട് ചേർന്ന് പുരയിടത്തിൽ ടാർപ്പ ഉപയോഗിച്ച് നിർമ്മിച്ച താത്കാലിക ഷെഡിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറിനാണ് ഇന്നലെ പുലർച്ചെ 2.30 ന് സാമൂഹ്യ വിരുദ്ധർ തീവച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കിണറ്റിൻ നിന്നും വെള്ളം കോരി ഒഴിച്ച് തീ കെടുത്തുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്ട്രർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ അജിചന്ദ്രൻ പറഞ്ഞു.
