കല്ലമ്പലം : വർഷങ്ങൾക്കുമുമ്പ് ചാത്തൻപാറ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചാത്തൻപാറയിലെ തട്ടു കടയ്ക്കു സമീപത്തുവച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി ചെമ്മരുതി പനയറ സുമിൻ ലാൻഡിൽ അനുരാജ് (38) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഗൽഫിലേക്ക് പോയ അനുരാജിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗൽഫിൽനിന്നും മടങ്ങി ചെന്നൈ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ ഇമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം റൂറൽ എസ് പിയെ അറിയിച്ചു. എസ് പി യുടെ നിർദേശപ്രകാരം കല്ലമ്പലം എസ് ഐ നിജാമും സംഘവും ചെന്നൈയിലെത്തി പ്രതിയെ ഏറ്റുവാങ്ങി. പ്രതി കൊറോണ ഭീതി പ്രകടിപ്പിച്ചതിനെത്തുടർന്ന് പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം അസുഖം ഇല്ലെന്ന് ഉറപ്പുവരുത്തി ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.