ആലംകോട് : അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ആലംകോട് ചന്തയിൽ നഗരസഭ നിയന്ത്രണം ഏർപ്പെടുത്തി. ഗോവ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നു ദിവസങ്ങളോളം ഓടിയാണ് ഈ വാഹനങ്ങളെത്തുന്നത്. പെട്ടികളിൽ നിറച്ചുവരുന്ന ദിവസങ്ങൾ പഴക്കമുള്ള മീൻ ആലംകോട് ചന്തയിൽ ഇറക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളും വാഹനജീവനക്കാരും മാസ്ക് ധരിക്കണം. ശുചീകരണം കാര്യക്ഷമമാക്കാനും നഗരസഭയുടെ തീരുമാനം നടപ്പാക്കാനും തയ്യാറാണെന്ന് യോഗത്തിൽ തൊഴിലാളികൾ അറിയിച്ചു.
നഗരസഭാധ്യക്ഷൻ എം.പ്രദീപ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, സൂപ്രണ്ട് രാജേഷ് കുമാർ എന്നിവരും പങ്കെടുത്തു.