വിളപ്പിൽ : ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബന്ധു ഉൾപ്പെടെ രണ്ടുപേരെ വെട്ടിവീഴ്ത്തിയ കുപ്രസിദ്ധ കുറ്റവാളി ‘ പറക്കുംതളിക ബൈജു ‘ (ജയിൻ വിക്ടർ)വിന്റെ സുഹൃത്ത് കൊച്ചുവേളി ആയിരത്തോപ്പ് വിനായക നഗർ പുതുവൽ പുത്തൻ വീട്ടിൽ അനിൽകുമാറി (37,ജാങ്കോ കുമാർ)നെ വിളപ്പിൽ പൊലീസ് പിടികൂടി.
ഇക്കഴിഞ്ഞ ജനുവരി 13 ന് രാവിലെ 8.30 ന് ഉറിയാക്കോട് നെടിയവിള ഭാഗത്തുവച്ച് പറക്കുംതളിക ബൈജു,ഉൾപ്പെടെ മൂന്ന് അംഗ സംഘം നെടിയവിള എസ്.ജി. ഭവനിൽ ലിജുസൂരി (29), ബിനുകുമാർ എന്നിവരെ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടുകയായിരുന്നു . ലിജുസൂരിയുടെ തലയ്ക്കും വലതുകാലിനും ബിനുവിന്റെ കൈയിലുമാണ് വെട്ടേറ്റത്.ലിജുവിനെ രക്ഷിക്കാനെത്തിയതാണ് സമീപവാസിയായ ബിനു. നെടിയവിളയിൽ നിന്ന് അരശുംമൂട് ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ലിജുസൂരിയെ ഇയോൺ കാറിലെത്തിയ ബൈജു കൈകാണിച്ച് നിറുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.ബൈജുവിന്റെ സഹോദരി പുത്രനാണ് ലിജുസൂരി.കുടുംബ വഴക്കിനെ തുടർന്ന് 2018ൽ ലിജുവും കൂട്ടുകാരും ചേർന്ന് പൊന്നെടുത്തകുഴി മേലെപുത്തൻവീട്ടിൽ ജയിൻവിക്ടർ എന്ന പറക്കുംതളിക ബൈജുവിനെ ഇതേ സ്ഥലത്തുവച്ച് മർദ്ദിച്ചിരുന്നു. അതിന്റെ പ്രതികാരമാണ് റോഡിലിട്ട് വെട്ടാൻ കാരണം.കൊടും കുറ്റവാളി എറണാകുളം ബിജുവിനെ കോടതിയിൽ കൊണ്ടുപോകുമ്പോൾ പൊലീസിന്റെ കൈയിൽ നിന്ന് രക്ഷിച്ചതുൾപ്പെടെ പാറശാല,നെയ്യാറ്റിൻകര,വിളപ്പിൽശാല,എറണാകുളം സ്റ്റേഷനുകളിൽ 10ലേറെ കേസുകളിൽ പ്രതിയായ പറക്കുംതളിക ബൈജുവിനെയുംകൂട്ടാളിയായ പുഞ്ചക്കരി സ്വദേശി സന്തോഷി (40)നെയും നേരത്തെ പിടികൂടിയിരുന്നു.അറസ്റ്റിലായ അനിൽകുമാറി(37,ജാങ്കോകുമാർ)നെ കോടതി റിമാൻഡു ചെയ്തു.