Search
Close this search box.

വയലിലെ തീകെടുത്താൻ എത്തിയ ഫയർഫോഴ്സ് വാഹനത്തെ സ്ഥലം ഉടമ തടഞ്ഞു, ഒടുവിൽ അറസ്റ്റ്

eiVK7L293798

കടയ്ക്കാവൂർ: കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂങ്ങോട് ഭാഗത്ത് വയലിലെ തീകെടുത്താൻ എത്തിയ അഗ്നിശമനസേന ജീവനക്കാരെയും വാഹനത്തെയും തടഞ്ഞ സംഭവത്തിൽ ഒരാളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ കാവുവിളാകം സാബു എന്നു വിളിക്കുന്ന ഷെയ്ഫിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വൈകുന്നേരം നാലരയോടെയാണ് സംഭവം.മൂങ്ങോട് പള്ളിക്കുസമീപം വയലിൽ തീ പിടിക്കുന്നു എന്ന് സാബു തന്നെയാണ് വർക്കല അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചത്. തുടർന്ന് വർക്കലയിൽ നിന്ന് ഒരു ഫയർഫോഴ്സ് വാഹനം സ്ഥലത്തെത്തി. ശക്തമായ കാറ്റ് കാരണം സമീപത്തെ വീടുകളിലേക്ക് പകരുമെന്ന് കണ്ട് വാഹനം വയൽ സമീപത്ത് എത്തിക്കാൻ ശ്രമം നടന്നു. എന്നാൽ വയൽ ഭാഗത്തേക്ക് റോഡില്ലാത്തതിനാൽ സാബുവിന്റെ പുരയിടത്തിൽ കൂടി വയലിൻറെ സമീപത്ത് എത്തിക്കുകയും തീ കെടുത്താൻ തുടങ്ങുകയും ചെയ്തു. തുടർന്ന് വൻതോതിൽ തീ പടരാൻ തുടങ്ങിയതിനാൽ ആറ്റിങ്ങലിൽ നിന്ന് ഒരു വാഹനത്തെ കൂടി സംഭവസ്ഥലത്തെത്തിച്ചു. ഒടുവിൽ രണ്ടുമണിക്കൂറോളം സമയമെടുത്താണ് തീ കെടുത്തിയത്.

ശേഷം ഫയർ എഞ്ചിൻ വാഹനങ്ങൾ തിരികെ കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സാബു തർക്കവുമായി എത്തി. വാഹനം പുരയിടത്തിന് ഉള്ളിലൂടെ കയറുന്ന സമയത്ത് ഗേറ്റിൽ ഉരഞ്ഞുവെന്നാരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. വർക്കലയിൽ നിന്നും ആറ്റിങ്ങൽ നിന്നും എത്തിയ രണ്ട് ഫയർ സ്റ്റേഷനിലെയും വാഹനങ്ങൾ പോകാൻ അനുവദിക്കാതെ മണ്ണുമാന്തി വാഹനം കുറുകെ ഇട്ടശേഷം ഗേറ്റ് പൂട്ടുകയായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സാബുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് കടയ്ക്കാവൂർ പോലീസ് എത്തിയാണ് വാഹനത്തെയും ജീവനക്കാരെയും മോചിപ്പിച്ചത്.

എന്നാൽ അടിയന്തരഘട്ടങ്ങളിൽ ഫയർ സ്റ്റേഷനിലെ വാഹനങ്ങൾക്ക് ഏത് വഴിയിലൂടെയും കടന്നു പോകാം എന്ന നിയമം നിലനിൽക്കുന്നുണ്ട്. മാത്രമല്ല സർക്കാർ വാഹനത്തെ തടഞ്ഞ് ജോലി തടസ്സപ്പെടുത്തിയതിന് സാബുവിനെതിരെ കേസെടുക്കുകയായിരുന്നു. ഈ വാഹനങ്ങൾ തടഞ്ഞിട്ട സമയം 2 സ്റ്റേഷനിലും മറ്റ് പല സ്ഥലങ്ങളിലും തീപിടിച്ച കോൾ വന്നിരുന്നു. എന്നാൽ അവിടെ എത്താൻ വാഹനം കടത്തിവിടാത്തതിനാൽ സാധിച്ചിരുന്നില്ല. അതും കേസിന് ബലം കൂട്ടി. അറസ്റ്റ് ചെയ്ത സാബുവിനെ കോടതി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!