കിഴുവിലം : നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ കിഴുവിലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ വീടുകളിൽ കോറന്റൈനിൽ കഴിയുന്ന രോഗികളെ പരിശോധിക്കുന്നില്ലെന്ന് പരാതി. നിലവിൽ 89 രോഗികളാണ് കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിയിൽ വീടുകളിൽ ഏകാന്തവാസം നടത്തുന്നത്. കോറന്റൈൻ രോഗികളെ വീടുകളിൽ ചെന്ന് കൃത്യമായി പരിശോധന നടത്തണമെന്ന് കളക്ടറുടെ നിർദ്ദേശം നില നിൽക്കുന്ന സാഹചര്യത്തിലും ഇവിടത്തെ ഡോക്ടർ അതൊന്നും പാലിക്കുന്നില്ലെന്നാണ് പരാതി. വൈകുന്നേരങ്ങളിൽ ഡോക്ടർ നേരത്തെ ഡ്യൂട്ടി മതിയാക്കി പോകുന്നതായും ആക്ഷേപമുണ്ട്. ഡോക്ടറുടെ ഈ നിരുത്തരവാദിത്തപരമായ നടപടിക്കെതിരെ തഹസിൽദാർ ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകിയെന്നാണ് വിവരമുണ്ട്.
നേരത്തെ രോഗികൾക്ക് മരുന്ന് നൽകുന്നില്ലെന്ന് പരാതി ഉയർന്നപ്പോൾ കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തി മരുന്ന് കണ്ടെത്തിയ സംഭവം വളരെ വിവാദമായിരുന്നു.