വക്കം : വക്കം – ചന്തമുക്ക് – മുക്കാലവട്ടം -മരുതംവിളാകം റോഡ് നവീകരണം അവസാന ഘട്ടത്തിലേക്ക്. തീരദേശ ഫണ്ടിൽ നിന്നും നാൽപ്പത് ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് തകർന്ന് പോയതാണ് ഈ റോഡ്. റോഡിൽ വെള്ളക്കെട്ട് കാരണം കാൽനടയാത്രപോലും അസാദ്ധ്യമായിരുന്നു. അതുമൂലം കുറച്ചുനാൾ വാഹന ഗതാഗതവും നിർത്തിവെച്ചിരുന്നു. ആദ്യ ഓട നിർമ്മിച്ച ശേഷമാണ് ഇപ്പോൾ ടാറിംഗ് ആരംഭിച്ചത്. ഒന്നര കിലോമീറ്റർ നീളവും നാലര മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മാണം. റോഡിൻ്റെ നിർമ്മാണപുരോഗതി അഡ്വ.ബി സത്യൻ എം.എൽ.എ നേരിട്ട് കണ്ട് വിലയിരുത്തി. മാർച്ച് 25ന് റോഡ് നാട്ടുകാർക്ക് തുറന്ന് കൊടുക്കുമെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എയോടൊപ്പം പഞ്ചായത്ത് പ്രസിഡൻ്റ് എസ് വേണുജി, വൈസ് പ്രസിഡൻ്റ് ന്യൂട്ടൺ അക്ബർ, സി.പി.ഐ എം ലോക്കൽ സെക്രട്ടറി ഡി അജയകുമാർ, പഞ്ചായത്തംഗം എം നൗഷാദ്, പ്രഭുകുമാർ, അക്ബർഷാ എന്നിവർ ഉണ്ടായിരുന്നു.
