വിതുര : ആൾ താമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റന്നതിനിടയിൽ പുളിച്ചാമല , നാഗര സ്വദേശികളായ രണ്ടുപേരെ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായി വിതുര പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലൊരാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കുറുപുഴ വില്ലേജിൽ പുളിച്ചാമല കിഴക്കുംകര പുത്തൻവീട്ടിൽ മാധവൻ കാണിയുടെ മകൻ കരുണാകരൻ(58) , നാഗര വട്ടപ്പൻകാട് രോഹിണി ദവനിൽ സോമന്റെ മകൻ അരവിന്ദ്( 24)എന്നിവരെയാണ് വിതുര സിഐ എസ്. ശ്രീജിത്ത് ,എസ്.ഐ എസ്എൽ സുധീഷ് , ജി.എസ്.ഐ അബ്ദുൽകലാം , സിപിഒ വിജയൻ , ശ്രീലാൽ , എ.എസ്‌ഐ സാജികമാർ എന്നിവരുൾപ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഘത്തിലുൾപ്പെട്ട പുളിച്ചാതല സ്വദേശി രഞ്ജിത്താണ് പോലിസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടത്.ഏതാനും ആഴ്ചകളായി പ്രതികൾ സ്ഥിരമായി ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കിലർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വാറ്റിനെ കുറിച്ച് അന്വേഷണം തുടങ്ങിയത്. 1 -ാം പ്രതി കരുണാകരന്റെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു പ്രതികൾ ചാരായ നിർമ്മാണം നടത്തിയിരുന്നത്. ലോക്ക് ഡൗണു മായി ബന്ധപ്പെട്ട് മദ്യശാലകൾ അടച്ചതിനെ തുടർന്ന് വിതുര മേഖലയിൽ വ്യാപകമായി വ്യാജ ചാരായ നിർമ്മാണം നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനമേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ വിതുര പോലീസ് നിരന്തരമായി പരിശോധന നടത്തി വരുകയായിരുന്നു. ആനപ്പാറ, മണലി പ്രദേശത്ത് ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന കോടയും വാറ്റപകരണങ്ങളും പിടിച്ചെടുക്കുകയും പന്നിക്കാല , കണ്ടാളംകുഴി എന്ന സ്ഥലത്ത് ചാരായ നിർമ്മാണം നടത്തിയിരുന്ന മുരളീധരൻ എന്നയാളെ ചാരായവും വാറ്റുപകരണങ്ങളുമായി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .