പോത്തൻകോട്: റേഷൻ കാർഡില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ കിട്ടാത്ത അറുപത്തിനാലുകാരന് ദിവസങ്ങൾക്കുള്ളിൽ റേഷൻ കാർഡ് നൽകി സിവിൽ സപ്ലൈസ് വകുപ്പ്. പോത്തൻകോട് നേതാജിപുരം പുതുവൽ പുത്തൻവീട്ടിൽ രാമകൃഷ്ണൻ നായർക്കാണ് റേഷൻ കാർഡ് നേരിട്ട് നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ രാമകൃഷ്ണൻ നായരുടെ ദുരിത ജീവിതമറിഞ്ഞ തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ ഷാനവാസാണ് റേഷൻ കാർഡ് നൽകാനായി നടപടിയെടുത്തത്. ലോക്ക് ഡൗണായതിനാൽ ഓഫീസുകൾ പലതും പ്രവർത്തിക്കുന്നില്ലെങ്കിലും റേഷൻ കാർഡ് അടിയന്തിരമായി തയ്യാറാക്കി രാമകൃഷ്ണൻ നായർക്ക് വീട്ടിലെത്തി കൈമാറുകയായിരുന്നു.
