ലോക് ഡൗൺ സമയത്തും കർമ്മനിരതരായ വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകൾ വരുന്ന പരിസ്ഥിതി ദിനത്തെ വരവേൽക്കാനുളള തയ്യാറെടുപ്പിലാണ്. ഇതിനായി ഓരോ കെഡറ്റും തങ്ങൾക്കാകുന്ന തരത്തിൽ തനതു വൃക്ഷത്തൈകളും ചെടികളും വിത്തിട്ട് മുളപ്പിക്കാനുള്ള ശ്രമത്തിലാണ്. തൈകൾ നടുന്നതിലുമുണ്ട് പ്രത്യേകത.പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി തങ്ങളുടെ പഴയ പാന്റ്സുകളും മറ്റു വസ്ത്രങ്ങളും ചെറിയ കൂടകളാക്കി മാറ്റിയാണ് വിത്തുകൾ മുളപ്പിക്കാൻ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം തൊണ്ടു കൂടകളിൽ തയ്യാറാക്കിയ തൈകൾ നൽകിയാണ് വിദ്യാർത്ഥികൾ പുതിയ കൂട്ടുകാരെ വരവേറ്റത്. ഇക്കൊല്ലം സ്കൂൾ തുറക്കുന്ന ദിവസം തുണിക്കൂടകളിൽ തങ്ങൾ നട്ടു മുളപ്പിച്ച തൈകൾ നൽകി നവാഗതരെ സ്വാഗതം ചെയ്യാനാണ് വിതുരയുടെ സ്വന്തം കുട്ടിപ്പോലീസുകാരുടെ തീരുമാനം.
