നെടുമങ്ങാട് :ലോക് ഡൗൺ ചട്ടം ഉത്തരവായതോടെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് പൂട്ട് വീഴുകയും ട്യൂഷന് പോലും പുറത്തിറങ്ങാൻ കഴിയാതെ വിദ്യാർത്ഥികൾ അവരുടെ കലാവാസനകൾ വീട്ടിനുള്ളിൽ പ്രകടിപ്പിച്ച് സമയം നീക്കുകയാണ്. ചിലർ ടിക് ടോക് നിർമ്മിച്ചും, മൊബൈലിൽ ഗയിം കളിച്ചും സമയം തള്ളുമ്പോൾ പൂക്കളും, മരങ്ങളും, വർണ്ണാഭമായ മയിലുകളുടെയും ജീവൻ തുടിക്കുന്ന ചിത്രകലാ പെയിൻ്റിംഗുകൾക്ക് ജന്മം നൽകിയും വീടിനെ അലങ്കാര ഗോപുരമാക്കി മാറ്റുകയാണ് നെടുമങ്ങാട് ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരിയും എസ്പിസി സ്റ്റുഡൻ്റുമായ ആദിത്യ. മനസിലെ ഐപിഎസ് മോഹവും അതോടൊപ്പം കലയ്ക്കും പ്രാധാന്യം നൽകി തൻ്റെ ജന്മസിദ്ധമായ കരവിരുതും കലാവാസനയും ഉപയോഗിച്ച് പാഴ് വസ്തുക്കളാൽ നിർമ്മിച്ച അലാങ്കാര വസ്തുക്കളുടെയും, ചിത്രകലകളാൽ അലംകൃതമായ പൂ ചട്ടികളുടെയും, ചുവർ ചിത്രങ്ങളുടെയും പറുദീസയാവുകയാണ് പഴകുറ്റി വേങ്കവിള വൃന്ദാവനം എന്ന ഭവനം, വിസിറ്റേഴ്സ് റൂമിലും, പഠനമുറികളിലും വർണ്ണാഭമായ അലങ്കാരങ്ങളും ചുവർ ചിത്രങ്ങളും വീടിനെ ഒരു പ്രദർശനശാലയാക്കി മാറ്റിയിട്ടുണ്ട്. പുഷ്പിച്ചു നിൽക്കുന്ന ചെറു മരങ്ങൾ, പുഷ്പങ്ങൾക്കൊപ്പം പീലി വിടർത്തി നിൽക്കുന്ന മയിൽ എന്നിവയാണ് ആദിത്യയുടെ പ്രധാന രചനകളിൽ ശ്രദ്ധേയമായത്. കുപ്പികളിൽ അക്രിലിക് പെയ്ൻ്റിംഗ് നടത്തി അതിനു മീതെ വർണ്ണങ്ങളായ നിറത്തിൽ പൂക്കളുടെ ഡിസൈനും, പെൻസിൽ കട്ടിംഗ് വേസ്റ്റ് ഉപയോഗിച്ച് പാവകളുടെ രൂപങ്ങളും രചിച്ചിട്ടുണ്ട്. പൂചട്ടികളിൽ പെയിൻ്റിഗ് ചെയ്ത് വീടിൻ്റെ പൂമുഖങ്ങളിൽ പ്രദർശിപ്പിച്ചും വീടിന് ചുറ്റും ചെടികൾ നട്ടുപിടിപ്പിച്ചും മനോഹരമായ ദൃശ്യചാരുതയിലാണ് വൃന്ദാവനം. കുഞ്ഞുനാളു മുതൽ നൃത്തത്തിലും പാട്ടിലും മിടുക്കിയായ ആദിത്യ സ്കൂൾ തലത്തിൽ കഥാപ്രസംഗത്തിൽ തൻ്റെ കലാവൈഭവം പ്രകടിപ്പിച്ച് പ്രതിഭപട്ടം നേടിയിട്ടുണ്ട്. പ്രസക്ത ചിത്രകാരനും നവോദയ സ്കൂളിലെ അദ്ധ്യാപകനുമായ ഡോ.എ.ആർ.വിനോദിൻ്റെ ശിക്ഷണത്തിൽ ചുവർ ചിത്രകലയിൽ ബാലപാഠം ഹൃദ്യസ്തമാക്കിയിട്ടുണ്ട്. അരുവിക്കര വാട്ടർ അതോറിട്ടിയിൽ കരാർ ജീവനക്കാരൻ ബി.കെ.സുരേഷിൻ്റെയും ദീപയുടെയും മകളാണ് ആദിത്യ, കുഞ്ഞനുജൻ ആദിദേവ് .
