കാട്ടാക്കട: കാട്ടാക്കട- പേയാട് റോഡിലെ കുഴിയടയ്ക്കൽ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരെ പെരുവഴിയിലാക്കി.എസ്എസ്എൽസി പരീക്ഷ തുടങ്ങുന്ന ദിവസംതന്നെ റോഡിലെ കുഴിയടയ്ക്കൽ നടത്തിയത് വ്യാപകപ്രതിഷേധത്തിനിടയാക്കി.പേയാട് -കുണ്ടമൺകടവ് റോഡിലാണ് ഇന്നലെ രാവിലെമുതൽ മുന്നറിയിപ്പില്ലാതെ റോഡുപണി ആരംഭിച്ചത്. ഇതോടെ രാവിലെ പ്ലസ് വൺ പരീക്ഷയ്ക്ക് പുറപ്പെട്ട വിദ്യാർഥികളും ഉച്ചയ്ക്കുള്ള എസ്എസ്എൽസി പരീക്ഷയ്ക്ക് നഗരത്തിലെ സ്കൂളുകളിലേക്ക് പോകാനിറങ്ങിയ വിദ്യാർഥികളും ദുരിതത്തിലായി.
വിളവൂർക്കലിൽ കലുങ്ക് നിർമാണത്തെ തുടർന്ന് ദിവസങ്ങളായി അതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. മുന്നറിയിപ്പുണ്ടായിരുന്നെങ്കിൽ കാട്ടാക്കടയിൽ നിന്ന് വരുന്ന വാഹനങ്ങൾ മങ്കാട്ടുകടവ് വഴി നഗരത്തിൽ പ്രവേശിക്കുമായിരുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു. പേയാട് മുതൽ കുണ്ടമൺകടവു വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ആറുമാസമായി. കുഴികൾ ഗതാഗതകുരുക്കിനും അപകടങ്ങൾക്കും കാരണമായിട്ടും പൊതുമരാമത്തിന് ഇന്നലെ വരെ അനങ്ങാപ്പാറ നയമായിരുന്നു.
ബിഎംബിസി ടാറിംഗ് നടന്ന റോഡിൽ പലയിടത്തും ടാർ പാളിയായി ഇളകിയ നിലയിലാണ്.
ചെറിയ കുഴികൾ മൂടാനുള്ള ടാർ മിശ്രിതം പൊതുമരാമത്തിന്റെ പക്കലുണ്ടായിരുന്നുവെന്നും എന്നാലിത് ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് തീയതി വരുന്നതുവരെ കത്തിരുന്നത് എന്തിനാണെന്ന് യാത്രക്കാർ ചോദിക്കുന്നു.