ആറ്റിങ്ങൽ: എണ്ണപ്പലഹാരങ്ങളുടെ പാക്കറ്റ് ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു. ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് പട്ടണത്തിൽ നടത്തിയ പരിശോധനയിൽ ആലംകോട് കൊച്ചുവിള മുക്കിൽ പ്രവർത്തിച്ച് വരുന്ന എ.ആർ. ഏജൻസീസ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് തെറ്റായ രീതിയിൽ നിർമ്മാണ തീയതി രേഖപ്പെടുത്തി വിൽപനക്കായി ഇരുപതോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പാക്കറ്റ് ഫുഡ് പിടിച്ചെടുത്തത്. ഏത്തക്കാ ചിപ്സ്, മിക്സ്ചർ, പക്കാവട, മുറുക്ക് തുടങ്ങിയ വറവ് പലഹാരങ്ങളിൽ നിർമ്മാണ തീയതി 6 ദിവസം കഴിഞ്ഞുള്ള തീയതിയായ 26.05.2020 എന്ന് രേഖപ്പെടുത്തിയതാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപേ ഉണ്ടാക്കിയ സാധനങ്ങളിൽ വിൽപനക്കനുസരിച്ച് നിർമ്മാണ തീയതി രേഖപ്പെടുത്തുന്ന നീയമ വിരുദ്ധമായ വലിയ തെറ്റാണ് ഈ സ്ഥാപനത്തിൽ നടന്നിരിക്കുന്നതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പട്ടണത്തിൽ പല വ്യാപാര സ്ഥാപനങ്ങളും പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത സാധനങ്ങൾ വിൽക്കാനുള്ള ശ്രമം നഗരസഭയുടെ നിരന്തര പരിശോധനയെ തുടർന്ന് കണ്ടെത്തിയിരുന്നു. തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നീയമ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ എം. പ്രദീപ് അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെൻസി, സിദ്ദീഖ് തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
