പെരിങ്ങമ്മല : വീട്ടിൽ ക്വാറന്റൈനിലായിരുന്ന ഭാര്യയെ ഇറക്കിവിട്ടതിന് പെരിങ്ങമ്മല പനങ്ങോട് തടത്തരികത്ത് വീട്ടിൽ രതീഷിനെതിരെ പോലീസ് കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം പാലോട് പൊലീസാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ ഈ മാസം 18 ന് ബാംഗ്ലൂരിൽ നിന്നുവന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. ഇയാൾ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതായി പരാതി ലഭിച്ചതിനാൽ ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഇയാളെ താക്കീത് ചെയ്തിരുന്നു.ഇതിൽ കുപിതനായ രതീഷ് ഇന്നലെ ബലം പ്രയോഗിച്ച് ഭാര്യയെ വെളിയിലാക്കി വീടുപൂട്ടി. ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും പൊലീസും ആവശ്യപ്പെട്ടിട്ടും ഇയാൾ അനുസരിക്കാൻ തയ്യാറായില്ല. തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം ഇവരെ ആരോഗ്യ വകുപ്പ് അധികൃതർ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ഭാര്യയ്ക്ക് പരാതിയുണ്ടെങ്കിൽ അതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
